ഏകാധിപതിക്ക് കീഴിലും ഒരിഞ്ച് അനങ്ങാതെ സംസ്ഥാന ഭരണം

ജില്ലാ സെക്രട്ടറിക്ക് പോലും മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല

മുഖ്യമന്ത്രിയിലേക്കും സര്‍ക്കാരിലേക്കും ചുരുങ്ങി സി.പി.എം

നയം പ്രഖ്യാപിക്കാന്‍ പോലുമാകാത്ത നിശ്ചലാവസ്ഥ

-പി.എ.  സക്കീര്‍ഹുസൈന്‍-

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും ചര്‍ച്ചയായതിന്റെ ആനുകൂല്യത്തില്‍ വന്‍ഭൂപക്ഷത്തോടെ അധികാരത്തിലെത്തിയ ഇടത് മുന്നണി സര്‍ക്കാര്‍ യു.ഡി.എഫ് ഭരണകാലത്തെ വെല്ലുന്ന വിവാദങ്ങളിലേക്ക് അഴിമതിയിലേക്കും നീങ്ങുന്നു. കാര്‍ക്കശ്യത്തിന്റെ പ്രതിരൂപമായ പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരു വഴിക്ക് നയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന വിവാദങ്ങള്‍ നല്‍കുന്ന സൂചന.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ പിണറായി വിജയനെന്ന കാര്‍ക്കശ്യക്കാരനായ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറിക്കസേര വെറും അലങ്കാരമാകുകയും അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന് ഒഴിവാക്കപ്പെട്ട വി.എസ് അച്യുതാനന്ദന് ഭരണപരിഷ്‌ക്കാര കമ്മീഷനെങ്കിലും ആയാല്‍ മതിയെന്ന് നിലപാടെടുക്കേണ്ടിയും വന്നത്.

മന്ത്രിസഭാ യോഗങ്ങളില്‍പ്പോലും മുഖ്യമന്ത്രിയുടെ വാദങ്ങളെ എതിര്‍ക്കാനോ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനോ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനോ മന്തിമാര്‍ തയാറാകാത്തതും പിണറായിയുടെ അപ്രമാധിത്യത്തിന്റെ പരിണിതഫലമാണ്. സെക്രട്ടേറിയറ്റിലെ വകുപ്പ് മേധാവികളായ ഉദ്യോഗസ്ഥര്‍ പോലും മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുവിറച്ചാണ് നില്‍ക്കുന്നതെന്ന കഥകളും പുറത്തുവന്നു.

എന്നാല്‍ ഇത്രയും ശക്തനായ പിണറായിയുടെ സര്‍ക്കാര്‍ അറു മാസം പിന്നിടുന്നതിന് മുന്‍പെ ബന്ധുനിയമന വിവിദത്തില്‍പ്പെട്ട ഇ.പി ജയരാജന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നു. തെറ്റുപറ്റിയെന്ന് കണ്ടെത്തിയ ഉടന്‍ അത് തിരുത്തിയെന്നും ധാര്‍മ്മികത തെളിയിച്ചെന്നുമൊക്കെയുള്ള വാദഗതികളുന്നയിച്ച് ഇ.പി ജയരാജന്‍ പ്രശ്നത്തെ പാര്‍ട്ടി പ്രതിരോധിച്ചെങ്കിലും ഇത് സര്‍ക്കാരിന്റെ ശോഭ കെടുത്തിയ ആദ്യ സംഭവമായി. ഇ.പി ജയരാജന്റെ ഒഴിവില്‍ മന്ത്രിയായെത്തിയ എം.എം മണിയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിന് വീണ്ടും കീറാമുട്ടിയായിരിക്കുന്നത്. വണ്‍.. ടു..ത്രീ പ്രസംഗത്തിലൂടെ വിവാദത്തിലും കൊലക്കേസിലും അകപ്പെട്ട എം.എം മണി, അഞ്ചേരി ബേബി കൊലക്കേസില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളിയതാണ് മന്ത്രി സ്ഥാനം തുലാസിലാക്കിയിരിക്കുന്നത്. ഇതിനിടെ കൊലക്കേസ് പ്രതിയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്നുകാട്ടി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയതും കൂടുതല്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ എന്ത് നടപടിയെടുത്താലും ധാര്‍മ്മികതയും കീഴ്വഴക്കങ്ങളുമൊക്കെ സര്‍ക്കാരിന് ഗുരുതര പരുക്കുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. വി.എസ് കത്ത് നല്‍കിയതിനെ വിമര്‍ശിച്ച് എം.എം മണിയും വൈക്കം വിശ്വനും ഇന്നലെ രംഗത്തെത്തിയിരുന്നു.

മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തിയെന്ന് പറഞ്ഞിരുന്നെങ്കിലും ആ നിയമനങ്ങളും ഇന്ന് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ രണ്ട് സ്റ്റാഫംഗങ്ങളെയാണ് അടുത്തിടെ പുറത്താക്കിയത്. സി.പി.എമ്മിലെ നേതാക്കള്‍ സമാന്തരമായി നടത്തിയ അഴിമതി നീക്കങ്ങളാണ് ഇവരുടെ പുറത്താക്കലില്‍ കാലാശിച്ചത്. ഇതും പാര്‍ട്ടിയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യത്തിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതായി. ഇതിനിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്ത് ശക്തമായ താക്കീത് നല്‍കി. എല്ലാവരെയും സംശയത്തോടെ വീക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. എന്നാല്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഭൂരിഭാഗം സ്റ്റാഫംഗങ്ങളും പങ്കെടുത്തില്ല.

മുഖ്യമന്ത്രിയായതോടെ പിണറായി വിജയനിലേക്ക് ഏകാധിപതി പരകായപ്രവേശം ചെയ്‌തോയെന്ന് സംശയിക്കുന്ന സഖാക്കളും കുറവല്ല. ഏറ്റവും ശക്തനായ ഈ മുഖ്യമന്ത്രിയുടെ ഭരണം ആറുമാസം പിന്നിടുന്‌പോള്‍ പല കോണുകളില്‍നിന്നും എതിര്‍പ്പ് ശക്തമാകുകയാണ്. അതും സി.പി.എം പോലൊരു പാര്‍ട്ടിക്കുള്ളില്‍നിന്ന്. നിലന്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചിട്ടതും ദേശഭക്തിയുടെ പേരില്‍ യൂവാക്കളെ പൊലീസ് വേട്ടയാടിയതുമൊക്കെ പിണറായിയുടെ ഭരണകാലത്തായിരുന്നെന്ന് വിശ്വസിക്കാന്‍ പല സഖാക്കള്‍ക്കും ഇനിയുമായിട്ടില്ല. കണ്ണൂരിലെ എന്നല്ല പാര്‍ട്ടിയിലെ തന്നെ കരുത്തനും ധീരനുമായ നേതാവും ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയതും അടുത്തിടെയാണ്. പിണറായി വിജയന്‍ പൊലീസ് മന്ത്രിയായിരിക്കുന്‌പോള്‍ അദ്ദേഹത്തേക്കാളെറെ വിശ്വാസം പി ജയരാജന് ഡി.ജി.പിയോട് തോന്നിയെങ്കില്‍ സാധാരണ സഖാക്കളുടെ അവസ്ഥ എന്തായിരിക്കുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. ശക്തനെങ്കിലും പിണറായി വിജയന്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നോ, ഭരണപരമായി കഴിവില്ലെന്നോ ആണ് ജയരാജന്റെ ഈ നടപടി നല്‍കുന്ന സന്ദേശം.

പിണറായി മുഖ്യമന്ത്രിയായതോടെ ബ്യൂറോക്രാറ്റുകള്‍ക്കിടയിലുണ്ടായ ചേരിപ്പോരും ഭരണത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇത്രത്തോളം ശക്തനെന്നു പറയുന്‌പോഴും ഐ.എ.എസ്-ഐ.പി.എസ് ലോബികളെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നത് ലജ്ജാകരമാണ്. മറ്റ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്താല്‍ പിണറായി സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാണെന്ന് പറയാം. ഒരു വകുപ്പിലും ദൈനംദിന പരിപാടികളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിട്ട് മാസങ്ങളായി. ഇതില്‍ കാര്യക്ഷമമായ ഒരു നടപടിയും സര്‍ക്കാരോ മുഖ്യമന്ത്രിയോ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയെക്കണ്ട് ഒരു സങ്കടഹര്‍ജി കൊടുക്കാന്‍ പോലുമാകാത്ത നിസഹായതയിലാണ് പാര്‍ട്ടിയിലെ പ്രാദേശിക സഖാക്കള്‍.

പ്രതിപക്ഷമാകേണ്ട യു.ഡി.എഫ് ഛിന്നഭിന്നമായതും കോണ്‍ഗ്രസിലെ മൂപ്പിളമ തര്‍ക്കവുമൊക്കെയാണ് പിണറായിക്ക് അനുഗ്രഹമാകുന്നത്. മദ്യത്തിലോ വിദ്യാഭ്യാസത്തിലോ കൃഷിയിലോ ഒന്നും ഇതുവരെ തങ്ങളുടെ നയം പോലും പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത്ര നിര്‍ജീവമായ അവസ്ഥയിലും ഈ സര്‍ക്കാര്‍ മികച്ചതെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അതിന്റെ ക്രഡിറ്റ് പിണറായി നല്‍കേണ്ടത് ഉമ്മന്‍ ചാണ്ടിക്കും സുധീരനും രമേശ് ചെന്നിത്തലയ്ക്കുമാണ്.