കോവിഡിനെ നേരിടുന്നതില്‍ യുഎഇ വിജയിച്ചു, ലോകത്തിന് തന്നെ മാതൃക; സന്തോഷം പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: ലോകം ഒന്നടങ്കം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് രോഗം ബാധിച്ചത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതിനിടെ ഏറെ ആശ്വാസമേകുന്ന വാര്‍ത്തയാണ് യുഎഇയില്‍ നിന്നും പുറത്തുവരുന്നത്. കോവിഡ് 19 നെ നേരിടുന്നതില്‍ യുഎഇ വിജയിച്ചതായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ യുഎഇ ലോകത്തിന് പ്രശംസനീയമായ ഒരു മാതൃക സൃഷ്ടിച്ചതായി ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. വൈറസിനെ നേരിടുന്നതില്‍ രാജ്യത്തിന്റെ ശാസ്ത്രീയ സമീപനവും മുന്‍നിര സംഘടനകള്‍ പ്രദര്‍ശിപ്പിച്ച കൃത്യമായ ആസൂത്രണവും സഹകരണ മനോഭാവവും പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസില്‍ സ്ഥിതിചെയ്യുന്ന കോവിഡ് 19 കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസംരക്ഷണ, മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ സംഭാവനകളെ പ്രശംസിച്ച ഷെയ്ഖ് മുഹമ്മദ് ഇത് വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ഗണ്യമായി പിന്തുണച്ചുവെന്നും വ്യക്തമാക്കി.

‘കോവിഡ് 19 പ്രതിസന്ധി ഘട്ടത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ വീരോചിതമായ പരിശ്രമം നമുക്കെല്ലാവര്‍ക്കും അഭിമാനവും പ്രചോദനവുമാണ്. അവരുടെ പ്രതിബദ്ധതയ്ക്കും പ്രൊഫഷണലിസത്തിനും ഞങ്ങള്‍ നന്ദി പറയുന്നു, ഈ പ്രതിസന്ധി പൂര്‍ണ്ണമായും മറികടക്കുന്നതുവരെ അതേ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു’ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഷെയ്ഖ് മുഹമ്മദിനെ കൂടാതെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാഷിദ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയന്‍സസ് ചാന്‍സലര്‍; ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍; മന്ത്രിസഭകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗവി എന്നിവരും പൊതു, സ്വകാര്യ ആശുപത്രികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശന വേളയില്‍ ഷെയ്ഖ് മുഹമ്മദിനൊപ്പം ഉണ്ടായിരുന്നു.