മഹേന്ദ്ര സിങ് ധോണിക്ക് ആശംസകൾ അറിയിച്ച് രാജ്യം

ആ….ഹെലികോപ്റ്റർ ഷോട്ടുകൾ ….
ഇന്ത്യയുടെ എക്കാലത്തേയും പ്രിയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് ആശംസകൾ അറിയിച്ച് രാജ്യം. സിനിമാ-കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ധോണിയുടെ ജീവിതത്തിലെ മറ്റൊരു ഇന്നിങ്‌സിന് ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും തൊട്ടുപിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഹൃദയത്തെ തൊടുന്ന കുറിപ്പ്. തൊട്ടുപിന്നാലെ ധോണിയുടെ അടുത്ത സുഹൃത്ത് കൂടിയായ റെയ്‌നയും വിരമിക്കുന്നതായി അറിയിക്കുകയായിരുന്നു.
‘എംഎസ് ധോണി, ഇന്ത്യൻ ക്രിക്കറ്റിന് താങ്കൾ നൽകിയ സംഭാവനകൾ അതുല്യമാണ്. 2011ലെ ഏകദിന ലോകകപ്പ് താങ്കൾക്കൊപ്പം നേടാനായത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷമാണ്. ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിൽ താങ്കൾക്കും കുടുംബത്തിനും എല്ലാ ആശംസകളും’ -ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ധോണിയുടെ വിരമിക്കലിനോട് പ്രതികരിച്ചതിങ്ങനെ. റെയ്‌നയ്ക്കും ആശംസകൾ അറിയിച്ച് തെണ്ടുൽക്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ഇത് ഒരു യുഗത്തിന്റെ അന്ത്യമാണ്. ഇന്ത്യയ്ക്കും ലോക ക്രിക്കറ്റിനും എന്തൊരു താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃമികവ് സമാനതകളില്ലാത്തതാണ്. പ്രത്യേകിച്ചും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ. ഏകദിനത്തിലെ തുടക്ക കാലത്ത് അദ്ദേഹം ബാറ്റിങ്ങിൽ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസമാണ് ലോകം ആദ്യം ശ്രദ്ധിച്ചത്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. ഇനി ഇന്ത്യൻ ജഴ്‌സിയണിയുന്ന വിക്കറ്റ് കീപ്പർമാർക്കായി അദ്ദേഹം ഒരു നിലവാരം നിശ്ചയിച്ചിട്ടുണ്ട്. യാതൊരു ഖേദവും കൂടാതെയാണ് ധോണി വിരമിക്കുന്നതെന്ന് എനിക്ക് തീർച്ചയുണ്ട്. അതുല്യമായൊരു കരിയറായിരുന്നു. ധോണിക്ക് എല്ലാ ആശംസകളും’ – ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കുറിച്ചു.

‘എല്ലാ ക്രിക്കറ്റ് താരങ്ങളും അവരുടെ യാത്ര ഒരു ദിവസം അവസാനിപ്പിച്ചേ തീരൂ. പക്ഷേ, അടുത്തറിയാവുന്ന ഒരാൾ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ രാജ്യത്തിനായി താങ്കൾ ചെയ്തതെല്ലാം എക്കാലവും എല്ലാവരുടെയും മനസ്സിലുണ്ടാകും’ -ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഹൃദയം കവരുന്ന കുറിപ്പിങ്ങനെ.

‘ചെറിയ പട്ടണത്തിൽ നിന്നുള്ള പയ്യനിൽ നിന്നും തടങ്ങി മാച്ച് വിന്നറിലേക്കുള്ള ധോണിയുടെ യാത്ര കണ്ടിട്ടുണ്ട്.’ ധോണിയുടെ മനോഹരമായ ഇന്നിങ്‌സിന് നന്ദി പറഞ്ഞ് വിവിഎസ് ലക്ഷ്മണും ട്വീറ്റ് ചെയ്തിരിക്കുന്നു.

ജേഴ്‌സി നമ്പർ 7 അനശ്വരമാക്കിയ ക്യാപ്റ്റൻ കൂളിന് ആശംസകളുമായി വനിതാ ക്രിക്കറ്റ് താരം മിതാലി രാജും രംഗത്തെത്തിയിട്ടുണ്ട്.
‘വിട, ക്യാപ്റ്റൻ ധോണി, ഭാവിയിലെ എല്ലാ സംരഭങ്ങൾക്കും ആശംസകൾ’- മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ കുറിച്ചതിങ്ങനെ.‘ഇതൊരു കരിയറല്ല, ഇതൊരു ഹീറോയിക് ക്ലൈമാക്‌സുള്ള കൃത്യമായ സൂപ്പർസ്റ്റാർ ചിത്രമാണ്’ മലയാളി താരം സഞ്ചു സാംസൺ കുറിച്ചു.

‘തന്റെ പ്രത്യേക ശൈലിയിലൂടെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമാണ് ധോണി. ഭാവിയിലും ഇന്ത്യൻ ക്രിക്കറ്റിനെ ശാക്തീകരിക്കാൻ ധോണി മുന്നിലുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഭാവി പരിപാടികൾക്കും ആശംസകൾ. മഹി, ആ ഹെലികോപ്റ്റർ ഷോട്ടുകൾ ലോകം മിസ്സ് ചെയ്യും’ -കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറിച്ചു.