സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കുള്ള പുതിയ നിരക്കുകളും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കി. ലക്ഷണങ്ങള്‍ ഉള്ള ആള്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പി സി ആര്‍ പരിശോധന നടത്തണം എന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദേശം. പി സി ആര്‍ പരിശോധനയ്ക്ക് 2750 രൂപ നല്‍കണം.

സംസ്ഥാനത്ത് 234 സ്വകാര്യ ലാബുകളിലാണ് ഇപ്പോള്‍ കൊവിഡ് പരിശോധന നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്കുള്ള നിരക്ക്.പി സി ആര്‍ പരിശോധനക്ക് 2750 രൂപയും സി ബി നാറ്റിന് 3000 രൂപയും ട്രൂ നാറ്റ് ആദ്യ പരിശോധനയ്ക്കും രണ്ടാം പരിശോധനയ്ക്കും 1500 രൂപ വീതവും നല്‍കണം. അതേസമയം, സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 99 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.