കിം ജോങ് ഉന്‍ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി റിപ്പോര്‍ട്ട്

സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി റിപ്പോര്‍ട്ട്. അസുഖ ബാധിതനായതിനെത്തുടര്‍ന്ന് കിം ജോങ് ഉന്‍ അബോധാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ്(എന്‍ഐഎസ്) ആണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്.

കിം ജോങ് ഉന്നിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതല്‍ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. ഉത്തര കൊറിയ രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. സാമ്പത്തികാവസ്ഥ തകര്‍ന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഉത്തര കൊറിയ പ്രതിസന്ധിയിലായത്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.

അതേസമയം കിം ജോങ് ഉന്‍ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യുമെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കിം അതീവ ഗുരുതര നിലയിലെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.