ബാലചന്ദ്രൻ ചുള്ളിക്കാട് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുമ്പോൾ (ശ്രീജ രാമൻ)

ഒരിക്കലും ഡിലീറ്റ്‌ ആയി പോവാൻ ഇടയില്ലാത്ത ഡിജിറ്റൽ ഓർമ്മകളിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ കൂടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവുന്നത് കണ്ടപ്പോഴാണ് കടും ചോരയുടെ നിറമുള്ള ഈ പുസ്തകം പുനർവായനക്കായി എടുത്തത്.

ഇല്ല. ഒരു മാറ്റവുമില്ല.

അതിതീക്ഷ്ണമായ പദപ്രയോഗങ്ങൾക്കും ധ്യാനപൂർണ്ണമായ ചിന്തകൾക്കും അതേ മാറ്റൊലി തന്നെ. ആത്മഗതത്തിന്റെ
കുമ്പസാരക്കൂട്ടിൽ നഗ്‌നനായി നിൽക്കുന്നത് ആ കവി തന്നെ. ആത്മസംഘര്ഷങ്ങളുടെയും പാപബോധത്തിന്റെയും പശ്ചാതാപത്തിന്റെയും കനലുകൾ കവിതയിൽ വിതറിയ കവി.
ഒരു കൈ കൊണ്ട് കവിത കുറിക്കുമ്പോൾ
മറുകൈ കൊണ്ട് മാറിൽ കഠാരയിറക്കുന്ന അതേ കവി. ശത്രുക്കളാൽ വലതു കണ്ണും മിത്രങ്ങളാൽ ഇടതു കണ്ണും ചൂഴ്ന്നെടുക്കപ്പെട്ട അതേ കവി.. അഭിമാനവും അന്നവും തമ്മിലുള്ള സംഘർഷങ്ങളിൽ ജീവിതവുമായി പുലബന്ധമില്ലാത്ത ഉദ്ധരണികൾ പാടി നടക്കുന്ന ബുദ്ധിജീവി കൂട്ടത്തിൽ നിന്നും വേറിട്ടു നടന്നവൻ. അരാജക ജീവിതത്തിന്റെ അര്ഥശൂന്യത തിരിച്ചറിഞ്ഞ് ആത്മജ്ഞാനത്തിന്റെ ആകാശം തേടിയിറങ്ങിയവൻ.

ദുരിതങ്ങള്‍ക്കു തന്‍ വ്യഥിതകൗമാരം ബലികൊടുത്തവന്‍..
കരച്ചിലില്‍ച്ചെന്നു കലങ്ങുമോര്‍മ തന്‍ ജ്വരപ്രവാഹത്തിലൊലിച്ചുപോയവന്‍…

ആത്‍മകഥാ കഥനങ്ങൾ കൃത്യമായ അജണ്ടകളോടെ കളർപ്രിന്റുകളായി മാറുന്ന കാലത്ത് ചിദംബരസ്മരണകൾ വായിക്കപ്പെടുന്നതും ഒരുപക്ഷേ ഒരു ഫിൽട്ടറിങ്ങിലൂടെ തന്നെ ആയേക്കാം. പക്ഷെ ഫാന്റസിയുടെയോ സ്വപ്നങ്ങളുടെയോ ഇടപെടലുകൾ ഇല്ലാതെ, പൊടിപ്പും മിനുപ്പുമില്ലാതെ, ജീവിതത്തിന്റെ പരുക്കൻ തലങ്ങളിൽ ഉരഞ്ഞുരഞ്ഞു തീ പാറിച്ചു പോകുന്ന ഒരു ജീവിതക്കാഴ്ചയായി ഇത് വായിക്കാം. കവിതകളിൽ സ്വയം പീഡിതനും രക്തസാക്ഷിയുമാവുന്ന കവിയെ തുണി ഉരിഞ്ഞു കാണാം. ജീവിച്ചിരുന്നപ്പോൾ തിരിച്ചറിയാതിരുന്ന,(T S Eliot ലൂടെ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തപ്പെട്ട), Charles Baudelaire യുടേത് പോലുള്ള Theological innocence കാണാം.

വീടും നാടും വിദ്യാഭ്യാസവും ഉപേക്ഷിച്ച് നക്സലുകൾക്ക് വേണ്ടി കവിത ചൊല്ലി നടന്ന, വ്യവസ്ഥിതികളോട് നിരന്തരം കലഹിച്ചിരുന്ന ക്ഷുഭിത യൗവനങ്ങൾ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായിരുന്നു. അത്രമേൽ സങ്കീർണ്ണതകളും അരുതുകളും നിറഞ്ഞ ആ ജീവിതം ഒട്ടും എഡിറ്റിങ്ങില്ലാതെ അതേ തീവ്രതയോടെ ഇന്ന് ലോകത്തിനോട് വിളിച്ചു പറയാൻ ഒരു പക്ഷെ ബാലചന്ദ്രൻ ചുള്ളിക്കാടിനു മാത്രമേ കഴിയൂ. 1990 ലെ മികച്ച യുവ സാഹിത്യകാരനുള്ള അവാർഡ് വേണ്ട എന്നു വയ്ക്കാനും നോബൽ സമിതി ചെയർമാന്റെ മുഖത്തു നോക്കി ടോൾസ്റ്റോയ്ക്ക് കൊടുക്കാത്ത അവാർഡ് എനിക്ക് വേണ്ട എന്നു പറയാനും കഴിഞ്ഞ ആ ഒരാൾക്ക് മാത്രം.

“ഭ്രൂണഹത്യ” മുതൽ “ഒഴിവുകാലം” വരെയുള്ള അധ്യായങ്ങളിൽ മുഴുവനും ആ ക്ഷുഭിത യൗവന കാലത്തിന്റെ ദാരിദ്ര്യവും ദൈന്യതകളും നിറഞ്ഞു നിൽക്കുന്നു.. പുത്രദുഃഖത്തിന്റെ തീവ്രതകൾ വരച്ചിടുന്ന രണ്ട് അധ്യായങ്ങൾ. മേഘരൂപനായ കവിയും രാജകുമാരിയായ കവയിത്രിയും പരമ ദരിദ്രനായ മറ്റൊരു കവിയും മൂന്ന് അധ്യായങ്ങളിൽ കവിയുടെ മാറ്റുരയ്ക്കുന്നു. ഒരു മഹാനടൻ ദരിദ്രനായ കവിയിലെ കവിത്വത്തെ ആദരിക്കുന്നത് കവിക്ക് അടങ്ങാത്ത വിസ്മയമാവുന്നു. വിവാഹജീവിതത്തിലെ ഇണയുടെ, അവർ തമ്മിലുള്ള വിശ്വസ്തതയുടെ പ്രാധാന്യം കവി തിരിച്ചറിയുന്നത് രണ്ടിടങ്ങളിൽ പ്രതിപാദിക്കുന്നു.
മനുഷ്യത്വം, അനുതാപം, സഹാനുഭൂതി, സൗഹൃദപൂര്ണമായ പെരുമാറ്റം..തുടങ്ങിയ അന്യം നിന്നു തുടങ്ങുന്ന മനുഷ്യഭാവങ്ങൾ കവി അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും നമ്മൾ വായിച്ചു പോവുന്നു.

ജീവിതത്തിന്റെ അനിശ്ചിതത്വം കവിതയുടെ ഉന്മാദത്തിലേക്ക് നയിച്ചവരും , ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ നിന്ദിതരും പീഡിതരും അവഹേളിക്കപ്പെട്ടവരും, തിരസ്കരിക്കപ്പെട്ടവരും ആയവരൊക്കെ ഈ ഓർമ്മക്കുറിപ്പുകളിൽ കവിയിലെ അവനവനെ തിരഞ്ഞു പോകുന്നു.

ഓരോ മനുഷ്യന്റെ ഉള്ളിലും കുഴിച്ചു മൂടേണ്ടതായ ഒരു രാത്രിയും പെയ്തു തോരാത്ത ഒരു മഴയും ഉണ്ട് എന്ന് പറഞ്ഞ ഷേക്സ്പിയറിനെ ആദരപൂർവം മാറ്റി വച്ചുകൊണ്ട് ചിദംബരസ്മരണകളിലെ Theological innocence വീണ്ടും വീണ്ടും ആസ്വദിക്കപ്പെടുന്നു.

കവിയും മനുഷ്യനും രണ്ടാണ് എന്ന ദ്വൈതചിന്ത അങ്ങനെ വായനക്കാരനെ വിട്ടൊഴിയുന്നു.