അമ്മ ഓർമ്മകളിലെ പായസ രുചിയിൽ ഒരോണം കൂടി

മീനാക്ഷി തേവാരത്തിൽ

പേരക്കുട്ടികളാണ് അച്ഛമ്മയുടെ ഓണക്കഥകൾ പറയണമെന്ന് വാശി തുടങ്ങിയത്. ദുബായിൽ ജനിച്ചു വളർന്ന അവരുടെ ഓർമ്മകളിൽ ഓണമെന്നത് സദ്യ മാത്രമാണ്. വെള്ളിയാഴ്ചകളിലേക്ക് മാറ്റിവെക്കപ്പെടുന്ന ഓണസദ്യയിലും അന്താക്ഷരിയിലും അവസാനിക്കുന്ന ആഘോഷമാണ് ഓണം അവർക്ക്. പൂക്കളങ്ങളും പൂവിളികളും ഓണപ്പാട്ടുകളും ടി.വി പ്രോഗ്രാമിലെ അതിശയക്കാഴ്ചകളും .

പഠിക്കാനായെത്തിയ ബാംഗ്ലൂരിലെ കോളേജിലും ഒരു കേരള സാരിയിലൊതുങ്ങുമത്രേ ഓണം. ഹോസ്റ്റലിലെ ദാലിൽ നിന്നും ചാപ്പാത്തി ചാവലിൽ നിന്നും രക്ഷപ്പെടാനായി സദ്യ കിട്ടുന്ന സ്ഥലങ്ങൾ ലിസ്റ്റു ചെയ്യുമെങ്കിലും ഒടുവിൽ വീട്ടിലുണ്ടാക്കുന്ന പായസത്തിന്റെ ഓർമ്മയിൽ ഹോസ്റ്റലിലെ തണുത്ത കേസരി മധുരത്തിൽ ഓണമസാനിക്കുമെന്ന സങ്കട കഥയ്ക്കൊടുവിലാണ് കുട്ടികൾ പഴയ കാലത്തെ ഓണക്കഥയും സദ്യയിലെ വിഭവങ്ങളും അറിയാൻ ആകാംക്ഷ കാണിച്ചത്….

ഓണത്തിന്റെ ഓർമ്മകൾ എനിക്കും അമ്മയിലവസാനിക്കുന്നതാണെന്ന സങ്കടം അവരോട് പറഞ്ഞില്ല. അമ്മയുണ്ടാക്കുന്ന പരിപ്പ് പ്രഥമനാണ് ഓണമെത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത്. കഴുകിയുണക്കിയ ചെറുപയർ വലിയ ഓട്ടുരുളിയിലിട്ട് വറുക്കുമ്പോൾ ചുറ്റുപാടും പടരുന്ന ഗന്ധത്തോടെ ഓണം ഞങ്ങളിലെത്തും.
വറുത്ത ചെറുപയർ അമ്മിക്കല്ലു കൊണ്ട് തരക്കി തൊലി കളഞ്ഞാണ് ചെറുപയർ പരിപ്പ് ഉണ്ടാക്കിയെടുക്കുന്നത്.

* ശർക്കര കരട് കളയാനായി അല്പം വെള്ളത്തിൽ ഇട്ട് ചെറു തീയിൽ അലിയിച്ചെടുക്കും. അതിലേക്ക് അല്പം നൈയ് ചേർക്കും.

* ഉരുളി പോലെ അടി കട്ടിയുള്ള പരന്ന പാത്രത്തിൽ ചെറുപയർ പരിപ്പ് നൈയിൽ വറുത്തെടുക്കണം. അതും രണ്ട് പാകത്തിൽ വേണം. പകുതി നന്നായി ചുവക്കെയും , മറുപകുതി മൂപ്പ് കുറഞ്ഞുമാവണം. നൈയ് ഇതിലും ചേർക്കണം.

*ഒന്നര കപ്പ് പരിപ്പിന് രണ്ടു തേങ്ങ ചിരവി പാലെടുത്ത് മുൻ പാലും പിൻ പാലും മാറ്റി വെക്കണം.

വറുത്തു വെച്ച പരിപ്പ് അവസാനത്തെ തേങ്ങാപ്പാലിൽ വേവിക്കണം. (അതേ ഉരുളി തന്നെ ഉപയോഗിക്കാം ) പരിപ്പ് രണ്ട് പാകത്തിൽ വറുത്തതായത് കൊണ്ട് ഒന്നു നന്നായി വേവുകയും മറ്റേത് പരിപ്പിന്റെ സാന്നിദ്ധ്യമറിയിച്ച് നിൽക്കുയും ചെയ്യും. പരിപ്പ് വേവിക്കുമ്പോഴും അല്പം നൈയ് ചേർക്കണം. പരിപ്പ് നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ ശർകര അലിയിച്ചത് അരിച്ച് ഇതിലേക്ക് ചേർക്കണം. പിന്നെ അല്പ സമയം പരിപ്പും ശർക്കരയുമായി നന്നായി ഇളകിച്ചേരുന്നത് വരെ ഇളക്കണം. ഒന്നോ രണ്ടോ സ്പൂൺ നൈയ് ഇതിലും ചേർത്തിളക്കിയാൽ സ്വാദ് കൂടും.

(വീട്ടിലുണ്ടാക്കിയ ഉരുക്കു നൈയുടെ പാത്രം അമ്മ അടുപ്പിൻ തണയിൽ തന്നെ സൂക്ഷിക്കുന്നതിന് രഹസ്യമിതാണ്)

* ശർക്കരയും പരിപ്പും നന്നായി ചേർന്ന് പാകപ്പെട്ടു കഴിഞ്ഞാൽ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം. പായസത്തിന്റെ അളവ് പാകപ്പെടുന്നത് രണ്ടാം പാൽ ചേർക്കുമ്പോഴാണ്. ശർക്കരയും തേങ്ങാപ്പാലും പരിപ്പുമായി ചേർത്തിളക്കാൻ മടി കാണിക്കരുത്. ഇളക്കിച്ചേർക്കുന്നതിലാണ് പായസത്തിന്റെ രുചി കൂടുന്നത്.
* ഒടുവിൽ മൂന്നാം പാൽ ഒഴിച്ച് തീയണക്കാം.
* ഏലക്കായും അല്പം ചുക്കും പൊടിച്ചു വെച്ചത് ഒടുവിൽ ചേർക്കണം.
* സ്വർണ്ണ നിറത്തിൽ നൈയിൽ വറുത്തു കോരിയ തേങ്ങാക്കൊത്തു കൂടി ചേർക്കുമ്പോഴേക്ക് പായസം ഗംഭീരമായി.

സദ്യയുടെ പായസക്കൂട്ടത്തിൽ രാജസ്ഥാനം ചെറുപയർ പരിപ്പ് പ്രഥമന് തന്നെ …
അമ്മ ഓർമ്മകളിലെ പായസ രുചിയിൽ ഒരോണം കൂടി കടന്നുപോവുമ്പോൾ സമസ്ത ലോകങ്ങളും സുഖം ഭവിക്കട്ടെ എന്ന പ്രാർത്ഥന മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ