വൈറസിനെ നിസ്സാരമായി കാണരുത്’; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെ നിസാരമായി കാണരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിര്‍ച്വല്‍ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.

‘ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊവഡിനെ പ്രതിരോധിക്കാന്‍ സജ്ജമാണ്. എന്നാല്‍ കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്‍ കീഴില്‍ നാം എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ജയിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം രാജ്യത്ത് കൊവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 76.28 ആയി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രദേശങ്ങളിലെ ജനങ്ങളെ കൊവിഡ് വൈറസിനെ കുറിച്ച് ബോധവാന്‍മാരാക്കാനും രോഗം പടരാതിരിക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ അവരെ പ്രേരിപ്പിക്കാനും നേതാക്കളോട് മന്ത്രി നിര്‍ദ്ദേശിച്ചു. മധ്യപ്രദേശിലെ നാലഞ്ച് സ്ഥലങ്ങളില്‍ കൊവിഡ് ബാധ വളരെ കൂടുതലാണെന്നും അവിടങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 75 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.