നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; സിബിഐ നുണപരിശോധനയ്ക്ക് അനുമതി

തിരുവനന്തപുരം∙ നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ഇടുക്കി മുന്‍ എസ്പി കെ.ബി.വേണുഗോപാലടക്കം 3 പൊലീസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ അനുമതി തേടി സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.ഡിവൈഎസ്പിമാരായ ഷംസ്, അബ്ദുള്‍ സലാം എന്നിവരാണു മറ്റുളളവര്‍. അനധികൃത കസ്റ്റഡിയും മര്‍ദനവും 3 പേര്‍ക്കും അറിയാമായിരുന്നെന്ന സംശയത്തിലാണു സിബിഐ നടപടി. എന്നാല്‍ ഇവരുടെ കൂടി സമ്മതം ഉണ്ടെങ്കില്‍ മാത്രമേ നുണപരിശോധന നടത്താന്‍ കഴിയൂ.

രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകത്തില്‍ സിബി‌ഐ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കു നീളുകയാണ്. രാജ്കുമാര്‍ കൊല്ലപ്പെടുമ്ബോള്‍ കെ.ബി.വേണുഗോപാല്‍ ഇടുക്കി എസ്പിയും ഷംസ് കട്ടപ്പന ഡിവൈഎസ്‌പിയും അബ്ദുള്‍ സലാം സ്പെഷല്‍ ബ്രാഞ്ചിന്റെ ഓഫിസറും ആയിരുന്നു.

2019 ജൂണ്‍ 12നാണു പണമിടപാടു കേസില്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്കുമാര്‍ തട്ടിയെടുത്തെന്നു പറയുന്ന പണം കണ്ടെത്താനായി അനധികൃതമായി കസ്റ്റഡിയില്‍ വച്ചു നടത്തിയ മര്‍ദനമാണു മരണത്തിലേക്കെത്തിയതെന്നാണു കേസ്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതും ചോദ്യം ചെയ്യുന്നതും എസ്പി ഉള്‍പ്പെടെ അറിഞ്ഞിരുന്നെന്നാണു സിബിഐക്കു ലഭിച്ച വിവരം. താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുണ്ട്. വേണുഗോപാലിന്റേതടക്കം ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും ഈ സംശയം ബലപ്പെട്ടു.

എന്നാല്‍ കസ്റ്റഡിയോ മര്‍ദനമോ അറിഞ്ഞില്ലെന്നാണു മൂവരുടെയും മൊഴി. ഈ സാഹചര്യത്തിലാണു നുണപരിശോധന. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മൂവരെയും പ്രതി ചേര്‍ത്തിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായി എന്നാണ് ആക്ഷേപം.

എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെന്ന നിലയില്‍ കസ്റ്റഡി മര്‍ദനം തടയാന്‍ ഇവര്‍ക്കു ബാധ്യതയുണ്ടായിരുന്നെന്നു സിബിഐ ഹൈക്കോടതിയെ നേരത്തേ അറിയിച്ചിരുന്നു.