2000 കോടിരൂപ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വിദേശത്തു നിക്ഷേപിച്ചെന്ന് പൊലീസ്

പത്തനംതിട്ട: തട്ടിയെടുത്ത 2000 കോടിരൂപ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വിദേശത്തു നിക്ഷേപിച്ചെന്ന് പൊലീസ്. അഞ്ച് സംസ്ഥാനങ്ങളിലെ ആയിരത്തിലേറെപ്പേരാണ് വഞ്ചിതരായത്. തട്ടിപ്പു കേസ്സില്‍ സ്ഥാപന ഉടമ അടക്കം നാലുപ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. റോയ് ഡാനിയേലിന്റെ മക്കളായ റിയയ്ക്കും റിനുവിനുമാണ് മുഖ്യപങ്കെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ വിഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച രാത്രി ഏറെ വൈകി അവസാനിപ്പിച്ച ചോദ്യം ചെയ്യല്‍ ഞായറാഴ്ച രാവിലെയും തുടര്‍ന്നു. പ്രതികളില്‍ നിന്ന് നിര്‍ണായമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും പൊലീസ് പിടിച്ചെടുത്തു.

റിനുവിനും, റിയക്കുമാണ് തട്ടിപ്പില്‍ മുഖ്യ പങ്കെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് എന്ന പേരില്‍ 21ല്‍ അധികം കമ്പനികള്‍ രൂപീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. പോപ്പുലറില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയിരുന്ന രേഖകള്‍ മറ്റ് സ്ഥാപനങ്ങളുടെ പേരിലാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.