കോണ്‍ഗ്രസിലെ തെരുവ് പോരിനിടെ സുധീരന്‍ ഒറ്റപ്പെടുന്നു

ഉണ്ണിത്താന്റെ ഇടപെടലില്‍ ഐ ഗ്രൂപ്പിന് അതൃപ്തി

സോളാര്‍ വിവാദം വീണ്ടും ഉന്നയിപ്പിച്ചത് സുധീരനെന്നും ഐ ഗ്രൂപ്പ്

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ചീമുട്ടയേറിലും കൈയ്യാങ്കളിയിലുമെത്തി നില്‍ക്കുന്‌പോള്‍ ദേശീയ നേതൃത്വത്തിന് പോലും സംരക്ഷിക്കാനാകാത്ത തരത്തില്‍ വി.എം സുധീരന്‍ ഒറ്റപ്പെടുന്നു. ഡി.സി.സി അധ്യക്ഷന്‍മാരുടെ പുനസംഘടനയില്‍ അവഗണിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിവച്ച ശീതസമരമാണ് ഇപ്പോഴത്തെ തെരുവ് യുദ്ധത്തിലെത്തി നില്‍ക്കുന്നത്.

ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ ശിഥിലമാക്കാനിറങ്ങിയ വി.എം സുധീരന് ഓര്‍ക്കാപ്പുറത്തേറ്റ ആഘാതമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗപ്രവേശം. വിശ്വസ്തനായ ഉണ്ണിത്താന്‍ കെ മുരളീധരനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയതോടെയാണ് വി.എം സുധീരന്‍ കൂടുതല്‍ പ്രതിരോധത്തിലായത്. സുധീരനെതിരായ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നതിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി കെ മുരളീധരനെ കളത്തിലിറക്കിയത്. കെ.പി.സി.സി അധ്യക്ഷന്റെയും പ്രതിപക്ഷനേതാവിന്റെയും നിഷ്‌ക്രിയത ചൂണ്ടിക്കാട്ടിയാണ് കെ മുരളീധരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.

ഇതിനിടെ അപ്രതീക്ഷിതമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുധീരന് വേണ്ടി രംഗത്തെത്തിയത്. എന്നാല്‍ ഉണ്ണിത്താന് ഉരുളയ്ക്കുപ്പേരി പോലെയാണ് ആദ്യഘട്ടത്തില്‍ മുരളീധരന്‍ മറുപടി നല്‍കിയത്.

ഇതിനിടെ കെ.പി.സി.സി വക്താവ് തന്നെ പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങി ഗ്രൂപ്പ് വൈരം ആളിക്കത്തിച്ചത് സുധീരന് ക്ഷീണമുണ്ടാക്കി. ഉണ്ണിത്താനെ കയറൂരി വിടരുതെന്ന് ഒപ്പമുള്ളവര്‍ സുധീരനെ ഉപദേശിക്കുകയും ചെയ്തു.

എന്നാല്‍ തനിക്ക് കെ.പി.സി.സി വക്താവെന്ന സംരക്ഷണം ആവശ്യമില്ലെന്നും മുരളിയെ പൊളിച്ചടുക്കാന്‍ മാധ്യമങ്ങളെ കാണുകയാണെന്നും ഉണ്ണിത്താന്‍ സുധീരനെ അറിയിച്ചു. ഇതിന് സുധീരന്‍ മൗനാനുവാദം നല്‍കുകയും ചെയ്തു.

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുരളീധരന് അനുകൂലമായ നിലപാടെടുത്തതാണ് സുധീരനെ കൂടുതല്‍ ഒറ്റപ്പെടുത്തിയത്. മുരളിയുടെ വിമര്‍ശനം ശരിയാണെന്ന തരത്തിലായിരുന്നു ചെന്നിത്തലയുടെ അഭിപ്രായപ്രകടനം. ചെന്നിത്തലയുടെ ചുവടുമാറ്റം അപ്രതീക്ഷിതവും സുധീരന്‍ പക്ഷത്തെ ഞെട്ടിക്കുന്നതുമായിരുന്നു. മുരളിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനിക്കാളേറെ സോളാര്‍ കേസിനെക്കുറിച്ച് ഉണ്ണിത്താന്‍ പത്രസമ്മേളനത്തില്‍ വാചാലനായതും ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റി മറിച്ചു.

ഉമ്മന്‍ ചാണ്ടിക്ക് പുറമെ ഐ ഗ്രൂപ്പിലെ ഒട്ടുമിക്ക നേതാക്കളും സോളാറില്‍ ആരോപണവിധേയരായിരുന്നു. ചെന്നിത്തലയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുകയും സുധീരന് പിന്തുണ നല്‍കുകയും ചെയ്തിരുന്ന ഈ നേതാക്കളൊക്കെ ഉണ്ണിത്താന്റെ പ്രസ്താവനയോടെ പ്രതിരോധത്തിലാകുകയായിരുന്നു. ഇതോടെ സോളാര്‍ കേസ് വീണ്ടും സജീവമാക്കിയതിന് പിന്നില്‍ സുധീരനാണെന്നും ഇത്തരത്തിലുള്ള ഒരാള്‍ക്ക് വേണ്ടി കൂട്ടുനില്‍ക്കേണ്ടതില്ലെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചെന്നിത്തലയെ അറിയിച്ചു. ഇതോടെ കെ.പി.സി.സി വക്താവ് സ്ഥാനത്ത് നിന്നുള്ള രാജി ഉണ്ണിത്താനില്‍നിന്ന് എഴുതി വാങ്ങിക്കുകയല്ലാതെ മാറ്റൊന്നും ചെയ്യാനാകാത്ത നിസഹായാവസ്ഥയിലായിരുന്നു സുധീരന്‍.

ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ആര്‍ ചന്ദ്രശേഖരനും ഉണ്ണിത്താനെ വിമര്‍ശിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി. ഇത് ഐ ഗ്രൂപ്പിന്റെ നിലപാട് വ്യക്തമാക്കുന്ന അഭിപ്രായപ്രകടനമായി മാറി.

നിലവില്‍ ഉണ്ണിത്താന്റെ ഇടപെടലോടെ എ ഗ്രൂപ്പിന്റെ ശത്രുപക്ഷത്ത് സുധീരന്‍ മാത്രമാണുള്ളത്. ഉണ്ണിത്താന്റെ സോളാര്‍ വിമര്‍ശനവും ഐ ഗ്രൂപ്പിനെ സുധീരനില്‍നിന്നകറ്റി. ഇതോടെ സോളാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട പല ഐ ഗ്രൂപ്പ് നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളത് സുധീരന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.