സംസ്ഥാനത്ത് കൊവിഡ് മരണം ഉയരുന്നു; ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ആറ് മരണം

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് മരണം ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് ആകെ ആറ് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, കണ്ണൂര്‍ ,മലപ്പുറം, കാസര്‍കോട്, കൊല്ലം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാത്രം രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. അറുപത് വയസായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ട് മരണമുണ്ടായി. മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇരുവരുടെയും മരണം. കണ്ണൂരില്‍ തളിപ്പറമ്പ് സ്വദേശി സത്താര്‍ കൊവിഡ് ബാധിച്ച മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു. മലപ്പുറത്ത് ഒളവട്ടൂര്‍ സ്വദേശി ആമിന മഞ്ചേരി മെഡിക്കല്‍ കോളജിലും മരിച്ചു.

കൊല്ലത്ത് അഞ്ചല്‍ കോളജ് ജംങ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഗോപിനാഥ് (26) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിക്കായിരുന്നു മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരണം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കു പോയപ്പോള്‍ സമ്പര്‍ക്കത്തില്‍ കൂടി അശ്വതിക്ക് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
അശ്വതിയുടെ അമ്മ ജില്ലാ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ