കുട്ടനാട്ടില്‍ തോമസ് കെ. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ കുട്ടനാട് നിയമസഭ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് കെ.തോമസ്. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എന്‍സിപിയോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന്‍ അറിയിച്ചു. തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.