ഓണം ഓർമ്മകൾ :ജ്യോത്സ്‌ന (വിജയ് സി.എച്ച് )

ജ്യോത്സ്‌നയെന്നാൽ നിലാവ്! കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സൂപ്പർഹിറ്റ് പടത്തിൽ കൈതപ്രത്തിൻറെ ‘സുഖമാണീ നിലാവ്…’ എന്നു തുടങ്ങുന്ന തേനൂറും വരികൾ തൻറെ പതിനാറാമത്തെ വയസ്സിൽ ആലപിച്ചതുമുതൽ സംഗീതപ്രേമികളുടെ ഗാനചന്ദ്രികയായിമാറിയ ജ്യോത്സ്‌നയുടെ ഓണോർമ്മകൾക്ക് ഗൾഫിലും നാട്ടിലും വേരുകളുണ്ട്!
ഓണമെന്നാൽ കഴിഞ്ഞുപോയ ഓണങ്ങളെക്കുറിച്ചാണ് പലരും പറയുക. പ്രളയത്തിൽമുങ്ങി നിറംമങ്ങിപ്പോയ രണ്ട് ഓണങ്ങൾക്കു ശേഷമെത്തിയ ഇക്കൊല്ലത്തേത് കൊറോണ സൃഷ്ടിച്ച ഭീതിയിലുമായപ്പോൾ, അൽപം പഴയ ഓർ‍മ്മയിലെ പൊന്നോണങ്ങൾക്ക് ശരിക്കും ചിങ്ങനിലാവിൻറെ ശോഭയാണ്!
ഗൾഫിലായിരുന്നു എൻറെ കുട്ടിക്കാലം. ജനിച്ചത് കുവൈത്തിലാണ്, സ്കൂൾ വിദ്യാഭ്യാസം അബുദാബിയിലും. അതിനാൽ എൻറെ ഓണോർമ്മകൾ തുടങ്ങുന്നത് അബുദാബിയിലെ ഓണാഘോഷങ്ങൾ മുതലാണ്.
ഗൾഫിൽ നാട്ടിലെക്കാളും കെങ്കേമായാണ് ഓണം ആഘോഷിക്കപ്പെടുന്നത്. മലയാളികൾ മാത്രമല്ല, തമിഴരും, തെലുങ്കരും, വടക്കെ ഇന്ത്യക്കാരുമെല്ലാം ഇലയിട്ട് ഓണസദ്യയുണ്ണാൻ എത്തിച്ചേരാറുണ്ട്. ഫ്ലേറ്റിന് പുറത്തുതന്നെ പൂക്കളമിട്ട് ഓണത്തപ്പനെവച്ച് വിപുലമായ ആഘോഷങ്ങളാണ് അരങ്ങേറുന്നത്.
മലയാളി സംഘടനകൾ ധാരാളം ഫെസ്റ്റുകളും മത്സരങ്ങളും നടത്തുകയും ചെയ്യുന്നു. ഓണപ്പാട്ട്, തിരുവാതിരക്കളി, പുലിക്കളി തുടങ്ങി വർണ്ണശഭളമായ പരിപാടികളാണ് എല്ലായിടത്തും. നാട്ടിൽ ആഘോഷിക്കുന്നതിനേക്കാൾ ഒരു പടി മുന്നിലാണ് ഗൾഫിലെ ഓണം എന്നതാണ് സത്യം!
2002-ൽ, നാട്ടിൽവന്ന് പന്ത്രണ്ടാം ക്ലാസ്സിൽ ചേർന്നു. ആ സമയത്താണ് ആദ്യത്തെ പിന്നണിഗാനം പാടുന്നതും അത് ഹിറ്റാവുന്നതുമൊക്കെ. തുടർന്ന് തിരക്കോടു തിരക്കായിരുന്നു. സിനിമക്കുവേണ്ടിയുള്ള ആലാപനങ്ങളും, സ്റ്റേജ് ഷോകളും, അതിൻറെ സൈഡിലൂടെ +2 പഠനവും, ഡിഗ്രിയും കടന്നുപോയി.
അതിനുശേഷം ചുരുക്കം ചില തിരുവോണം നാളുകളിൽ മാത്രമേ വീട്ടിൽ ഉണ്ടായിട്ടുള്ളൂവെന്നതാണ് വാസ്തവം. കാരണം, ഓണനാളുകളിൽ ഞങ്ങളെപ്പോലെയുള്ള പെർഫോർമേഴ്സിന് എവിടെയെങ്കിലും ഒരു പരിപാടിയുണ്ടാകും. ഏതെങ്കിലും അസ്സോസിയേഷൻ നടത്തുന്നതോ, സർക്കാർ മുഖേനെയുള്ളതോ, അല്ലെങ്കിൽ വിദേശത്തുള്ളതോ ആയ സ്റ്റേജ് ഷോകൾ കാണും.
ഒരു ഗായികയായതിനുശേഷം എൻറെ ഓണം മിക്കവാറും ശ്രോതാക്കളോടൊപ്പമായിരുന്നു. നാട്ടിലാണെങ്കിലും വിദേശങ്ങളിലാണെങ്കിലും, ഓണപ്പരിപാടികൾ സംഘടിപ്പിക്കുന്നവരും, അവരുടെ കുടുംബാംഗങ്ങളും, അവരുൾപ്പെടുന്ന കൂട്ടായ്മകളും, പ്രേക്ഷകരും ചേർന്നതാണ് ഒരു ആർട്ടിസ്റ്റിൻറെ പ്രാഥമികമായ ആഘോഷ ഭൂമിക.
ജനങ്ങളോടൊപ്പം ഓണം ആഘോഷിക്കുക, അവരുടെ സന്തോഷത്തിൽ പങ്കുചേരുക മുതലായവയെല്ലാം സംതൃപ്തിക്കു വക നൽകുന്നു!
വിവാഹത്തിനുശേഷം, രാജ്യത്തായാലും വെളിയിലായാലും ഓണപ്പരിപാടികൾക്കു പോകുമ്പോൾ ഭർത്താവും (ശ്രീകാന്ത്) മകനും (ശിവം) കൂടെ ഉണ്ടാകാറുണ്ട്. ഓണം ഒരുമിച്ച് ആകാമല്ലൊ.
ഈ വർഷം തീർച്ചയായും വീട്ടിലാണ് ഓണം. കൊറോണമൂലം പൊതുപരിപാടികളൊന്നുമില്ല. വീട്ടിൽ ഓണത്തിനു കൂടാൻ പറ്റിയപ്പോഴൊക്കെ ഏതൊരു ശരാശരി മലയാളി കുടുംബത്തിലേതുംപോലെ തന്നെയാണ് ഞങ്ങളുടെ ആഘോഷങ്ങളും. എല്ലാവരും തറവാട്ടിലേക്കുപോകും. തൊണ്ണൂറ്റിനാല് വയസ്സായ അമ്മൂമ്മയും അവരുടെ മക്കളും, പേരക്കുട്ടികളുമെല്ലാം അവിടെ വരും. എല്ലാവരുംചേർന്ന് സദ്യവെയ്ക്കും, പാട്ടുപാടും, ഓണക്കളികളുമുണ്ടാകും.
എന്നെയും ചേച്ചിയെയും (വീണ) എൻറെ അച്ഛനും (രാധാകൃഷ്ണൻ) അമ്മയും (ഗിരിജ) പഠിപ്പിച്ചതുപോലെ, ഞങ്ങൾ മകനെയും പത്തുദിവസം പൂക്കളമിടുക, മാവേലിയെ എതിരേൽക്കാൻ തയ്യാറെടുക്കുക മുതലായ എല്ലാ നിഷ്ഠകളും തനതായ രീതിയിൽതന്നെ പരിശീലിപ്പിക്കുന്നു.
ഓണം പഴയ ഓർ‍മ്മകളുടെ ഒരു മേളയായി സോഷ്യൽ മീഡിയയിലേക്ക് ചുരുക്കാതിരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ