ഐപിഎല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ഉത്ഘാടന മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

ദുബായ്: സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ നടക്കാനിരിക്കുന്ന ഐപിഎല്‍ 13ാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് 19നു രാത്രി 7.30നു ഉദ്ഘാടന മത്സരം. അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയമാണ് കന്നിയങ്കത്തിനു വേദിയാവുക. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്.

ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മത്സരക്രമത്തില്‍ മാറ്റമുണ്ട്. രാത്രി എട്ടിന് ആരംഭിച്ചിരുന്ന മത്സരങ്ങള്‍ ഇത്തവണ 7.30നു തുടങ്ങും. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസങ്ങളില്‍ ആദ്യത്തെ മത്സരം നാലു മണിക്കു പകരം 3.30നായിരിക്കും തുടങ്ങുക. സീസണിലെ ആദ്യത്തെ ഡബിള്‍ ഹെഡ്ഡര്‍ ഒക്ടോബര്‍ മൂന്നിനാണ്. വൈകീട്ട് 3.30ന് അബുദാബിയില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. രാത്രി 7.30ന് ഷാര്‍ജയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഈ ദിവസത്തെ രണ്ടാമത്തെ മത്സരം. തൊട്ടടുത്ത ദിവസവും ഡബിള്‍ ഹെഡ്ഡറുണ്ട്.

വൈകീട്ട് 3.30ന് ഷാര്‍ജയില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും രാത്രി 7.30ന് ദുബായില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈ സൂപ്പര്‍ കിങ്സിനെയും നേരിടും. ഈ സീസണില്‍ ആകെ 10 ഡബിള്‍ ഹെഡ്ഡറുകളാണുള്ളത്. ഭൂരിഭാഗം മത്സരങ്ങളും ദുബായിലും അബുദാബിയിലുമാണ്. നവംബര്‍ മൂന്നിന് ഷാര്‍ജയില്‍ രാത്രി 7.30ന് മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ പ്രാഥമിക റൗണ്ട് അവസാനിക്കും. പ്ലേഓഫ് മത്സരങ്ങളുടെ തിയ്യതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ 10ന് നടക്കുന്ന ഫൈനലിന്റെ വേദിയും തീരുമാനിച്ചിട്ടില്ല.