താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കാ​ലം​ ചെ​യ്തു

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കാ​ലം​ ചെ​യ്തു. കോഴിക്കോട്
വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. 1997 ഫെബ്രുവരി 13നാണ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി താമരശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. മാര്‍ ജേക്കബ് തൂങ്കുഴി തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിയ ഒഴിവിലേക്കായിരുന്നു നിയമനം. 2010 ഏപ്രില്‍ 8നാണ് രൂപതാ ഭരണത്തില്‍ നിന്ന് വിരമിച്ചത്. 1961 ഒക്‌ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടു പിതാവില്‍ നിന്നു റോമില്‍ വച്ച്‌ പട്ടമേറ്റു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1988 ല്‍ സീറോമലബാര്‍ സഭയുടെ ഭാഗമായി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു.

സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ലാണ് വിവാദ പരാമര്‍ശം നടത്തിയത്. 2007ല്‍ ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പൊതുസമ്മേളനത്തില്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളി പ്രസംഗിച്ചതോടെ ആയിരുന്നു വിവാദത്തിന്റെ തുടക്കം. മത്തായി ചാക്കോ എം എല്‍ എ മരിക്കുന്നതിനു മുന്‍പ്‌ സഭാ വിശ്വാസം അനുസരിച്ച്‌ ആശുപത്രിയില്‍ വച്ച്‌ രോഗീലേപനം നടത്തിയെന്നായിരുന്നു ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. മത്തായി ചാക്കോയുടെ സംസ്കാരം സി പി എം ഏറ്റെടുത്ത് നടത്തിയതിനെയും ബിഷപ്പ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ പിണറായി വിജയന്‍ ബിഷപ്പിനെതിരെ നികൃഷ്ടജീവി പ്രയോഗം നടത്തുകയായിരുന്നു.

പിന്നീട്, ‘കൃപയുടെ വഴികള്‍’ എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയില്‍ പിണറായി വിജയനോട് ക്ഷമിക്കുന്നതായി മാര്‍ ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു. ആത്മകഥയിലെ നാല്‍പത്തിയേഴാം അധ്യായത്തിലാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. പിണറായി വിജയന്റെ പരാമര്‍ശത്തില്‍ വിഷമമുണ്ടോയെന്ന് പലരും ചോദിച്ചിരുന്നെന്നും എന്നാല്‍ പരാമര്‍ശം ഒരു തരത്തിലും വേദനിപ്പിച്ചിട്ടില്ലെന്നാണ് തന്റെ ആത്മാര്‍ത്ഥമായ മറുപടിയെന്നുമാണ് അദ്ദേഹം കുറിച്ചത്.