ഓണത്തുമ്പി (കവിത -മിനി സുരേഷ്)     

ചിങ്ങവെയിലില് പൂവിളി കേൾക്കുമ്പോൾ
ഓർമ്മയായെത്തുന്നു  പൂത്തുമ്പി.
ചെമ്പട്ടിൻ ചേലുള്ള, സ്വർണ്ണച്ചിറകുള്ള
തുമ്പക്കുടം തോറും പാറി നടന്നൊരു തുമ്പി
തെച്ചിയിൽ,പിച്ചിയിൽ മുറ്റത്തെ മുല്ലയിൽ
തേനുണ്ടു പാറി നടന്നൊരു തുമ്പീ
കാടും മേടും നഗരമായ് മാറുമ്പോൾ
പൂപ്പാടമൊക്കെ മയങ്ങും മിഥ്യയായ്
ഉത്തരമില്ലാതെ സസ്യജാലമൊടുങ്ങുമ്പോൾ
അതിരു കടന്നെത്തും പൂക്കളിൽ
ഓണമുണ്ണാതെ മണ്ണിലഭയം
നൽകാത്ത മർത്ത്യനെ പഴിക്കാതെ
മനസ്സിൽ കുടി കൊള്ളും വസന്തമായ്
കാലചക്രത്താളുകളിൽ കാലം
വരച്ചു മായ്ക്കാത്തൊരു മോഹത്തുമ്പീ
ചേർത്തുപിടിച്ചോട്ടെ എന്നകതാരിൽ,
ഞാനേറ്റമിഷ്ടത്തോടെന്നുമെന്നും