സ്വാമി അഗ്‌നിവേശ് അന്തരിച്ചു

ന്യൂഡല്‍ഹി: ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗ്‌നിവേശ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അടിമവേല നിര്‍മാര്‍ജനം ചെയ്യാന്‍ പ്രസ്ഥാനം രൂപീകരിച്ച് പൊരുതുകയായിരുന്നു സ്വാമി അഗ്‌നിവേശ്. റൈറ്റ് ലൈവ്വിഹുഡ് ഉള്‍പ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അഭിഭാഷകനും ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയും ആയിരുന്നു.

സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ ഇടപെട്ടിരുന്ന അഗ്‌നിവേശിന് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ തുറന്നു പറഞ്ഞതിന് സമീപകാലത്ത് വ്യാപക അക്രമം നേരിട്ടിരുന്നു. ആര്യ സമാജം തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 1970ല്‍ ‘ആര്യ സഭ’ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

ആന്ധ്ര ശ്രീകാകുളത്തെ ബ്രാഹ്മണ കുടുംബത്തില്‍ 1939 സെപ്റ്റംബര്‍ 21നാണ് അഗ്‌നിവേശ് ജനിച്ചത്. 1977ലെ തെരഞ്ഞെടുപ്പില്‍ ഹരിയാന നിയമസഭയിലേക്ക് ജയിച്ചു. ഭജന്‍ലാല്‍ മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍ അതില്‍ വിദ്യാഭ്യാസ മന്ത്രിയായി. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം രാജിവെയ്‌ക്കേണ്ടി വന്നു.

ഫരീദാബാദിലെ വ്യവസായനഗരത്തിനു വേണ്ടി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ തുടങ്ങി. അതിന് എതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങി. തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ പത്ത് പേര്‍ മരിച്ചു. പിന്നാലെ സ്വന്തം ഗവണ്‍മെന്റിന്റെ പോലീസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഗ്നിവേശ് രംഗത്ത് വന്നു. തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.