കൊറോണ: എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിൽ ഉൾപ്പെടെ വിനിയോഗിക്കുന്നതിനായി എംപിമാരുടെ ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും 30 ശതമാനം വെട്ടിക്കുറയ്ക്കാൻ നിർദ്ദേശിക്കുന്ന ബിൽ ലോക്സഭ പാസാക്കി. പാർലമെന്റ് അംഗങ്ങളുടെ ശമ്പള, ആനുകൂല്യ, പെൻഷൻ ഭേദഗതി ബിൽ 2020 നാണ് ലോക്സഭ ഏകകണ്ഠേന അംഗീകാരം നൽകിയത്.

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് ബിൽ ഇന്നലെ ലോക് സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തേക്കാണ് ശമ്പളം കുറയ്ക്കുക. ഇത് സംബന്ധിച്ച ഓർഡിനൻസിന് ഏപ്രിൽ ആദ്യവാരം ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.

കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ ശമ്പളമാണ് കുറയ്ക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവർണർമാർ തുടങ്ങിയവരും 30 ശതമാനം ശമ്പളം കുറയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് മരവിപ്പിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ 7900 കോടി രൂപ സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ലഭിക്കും. രാജ്യത്ത് കൊറോണ വ്യാപനം വരുത്തിയ പ്രത്യാഘാതം നേരിടാനും ആരോഗ്യ മേഖലയിലേക്കുമാണ് ഈ തുക വിനിയോഗിക്കുക.