ചൈനയില്‍ നിന്നുള്ള ഇറക്കുമതി; 27 ശതമാനം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള ഇറക്കുമതി 27 ശതമാനം കുറഞ്ഞെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് വ്യവസായമന്ത്രി പീയുഷ് ഗോയല്‍ ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.58 ബില്യണ്‍ (2158 കോടി) അമേരിക്കന്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ചൈനയ്ക്ക് നല്‍കിയിട്ടുള്ള സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ചൈനയുമായുള്ള വ്യാപാരം കുറയ്ക്കുന്നതിനായി സൗഹൃദരാഷ്ട്ര പദവി പിന്‍വലിക്കുമോ എന്ന ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. രാജ്യത്തിന്റെ കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തിയതായി പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.