അച്ചടക്കം പഠിപ്പിക്കാനിറങ്ങുന്ന സുധീരനെ  മുന്‍കാല ചെയ്തികള്‍ തിരിഞ്ഞ്‌കൊത്തുന്നു

അച്ചടക്കം പഠിപ്പിക്കുന്നത് കരുണാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചയാള്‍

ഉണ്ണിത്താനെ സംരക്ഷിക്കുന്ന സുധീരന് പുല്ലുവില കല്‍പ്പിച്ച് നേതാക്കള്‍

കോണ്‍ഗ്രസ് വാര്‍ത്തകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതും സുധീരനെന്ന് ഗ്രൂപ്പ് നേതാക്കള്‍

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം; തെരുവ് യുദ്ധത്തിലും ചീമുട്ടയേറിലും കലാശിച്ച കോണ്‍ഗ്രസിലെ വിഴുപ്പലക്കലിന് പിന്നാലെ അച്ചടക്കത്തിന്റ വാളുമായി രംഗത്തിറങ്ങിയ സുധീരനെ മുന്‍കാല പ്രവര്‍ത്തികള്‍ തിരിഞ്ഞുകൊത്തുന്നു.

പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനനമുന്നയിച്ച കെ മുരളീധരന്, ചരിത്രവും കുടുംബപുരാണവും വിവരിച്ച് കോണ്‍ഗ്രസ് വക്താവായിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മറുപടി നല്‍കിയതാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് തെരുവ്‌യുദ്ധത്തിലും ചീമുട്ടയേറിലും കലാശിച്ചത്.

പോര് തെരുവിലെത്തിയതിന് പിന്നാലെയാണ് പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും ഉണ്ണിത്താനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുത്തും സുധീരന്‍ അച്ചടക്കവുമായി രംഗത്തെത്തിറങ്ങിയത്. അതേസമയം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്തിരുന്ന് സ്വന്തം പാര്‍ട്ടിയുടെ ഭരണത്തെയും മന്ത്രിമാരെയും പരസ്യമായി വിമര്‍ശിച്ചയാളാണ് ഇന്ന് അച്ചടക്കത്തിന്റ പേരില്‍ മറ്റുള്ളവര്‍ക്ക് നേരെ കണ്ണുരുട്ടുന്നുവെന്നത് കൗതുകകരമാണ്.

തൊണ്ണൂറുകളില്‍ കെ.കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് പ്രസംഗിച്ച കരിങ്കാലി പാരമ്പര്യവും സുധീരനുണ്ട്. രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിരിക്കെ പത്രങ്ങളില്‍ പേര്‌വരുത്താന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നതും സുധീരന്‍ പതിവാക്കിയിരുന്നു. ബോംബ് സ്‌ഫോടനങ്ങളുടെ ഉത്തവവാദിത്തം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ സ്വയം ഏറ്റെടുക്കുന്നതു പോലെ ഞാന്‍ പാര്‍ട്ടിക്കെതിരെ പ്രസംഗിച്ചിട്ടുണ്ടെന്ന് പത്ര ഓഫീസുകളിലേക്ക് വിളിച്ച് പറയുന്നതും സുധീരന്റെ രീതിയായിരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ തീവെട്ടിക്കൊള്ളയാണെന്ന് പരസ്യമായി പ്രതികരിച്ചായിരുന്നു സുധീരന്‍ മാധ്യമശ്രദ്ധ നേടിയിരുന്നത്. തന്നാല്‍ കഴിയുന്നത്ര ഉച്ചത്തിലും ശക്തിയിലുമായിരുന്നു അക്കാലത്ത് സുധീരന്‍ ചാനല്‍ കാമറകള്‍ക്ക് മുന്നില്‍ ഉറഞ്ഞ് തുള്ളിയത്.  കരുണ, മെത്രാന്‍ കായല്‍ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ കൊള്ളയ്ക്ക് താന്‍ കൂട്ടുനില്‍ക്കില്ലെന്നായിരുന്നു സുധീരന്റെ പരസ്യ പ്രഖ്യാപനം.  അക്കാലത്ത് നടന്ന കെ.പി.സി.സി യോഗത്തില്‍ സുധീരന്റെ പരസ്യനിലപാടുകളെ കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന് വടി കൊടുക്കുന്നതരത്തിലുള്ള കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവനകള്‍ ഭരണത്തുടര്‍ച്ചയെന്ന വികാരം നിലനില്‍ക്കുന്ന കാലത്ത് തിരിച്ചടിയാകുമെന്ന്  നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. ഇതൊന്നും വകവയ്ക്കാതെയായിരുന്നു അധ്യക്ഷ സ്ഥാനത്തിരുന്ന് കൊണ്ട് സുധീരന്‍ നിരന്തരം അച്ചടക്കം ലംഘിച്ചത്. ബാര്‍ കോഴക്കേസില്‍ അന്നത്തെ മന്ത്രി കെ.ബാബുവിനെതിരെയും സുധീരന്‍ പരസ്യനിലപാടെടുത്തു. ഇതൊക്കെ ഭരണത്തെതുടര്‍ച്ചയെന്ന പ്രചാരണത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ യു.ഡി.എഫിന്റെ പരാജയം ഇരട്ടിയാക്കി.

ഉണ്ണിത്താന്‍- മുരളീധരന്‍ വാക് പോരിനെത്തുടര്‍ന്ന് എല്ലാവരെയും അച്ചടക്കം ഓര്‍മ്മിപ്പിക്കുന്ന സുധീരന്‍ തന്റെ മുന്‍കാല ചെയ്തികള്‍ ആലോചിക്കണമെന്നാണ് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

സി.പി.എമ്മില്‍ സംസ്ഥാനസമിതി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ നടക്കുന്ന ചര്‍ച്ച മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുന്നതിനെക്കുറിച്ച് പാര്‍ട്ടി നിരവധി അന്വേഷണങ്ങളും അച്ചടക്ക നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിലെ സ്ഥിതി രസകരമാണെന്ന് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരും സമ്മതിക്കുന്നു.

യു.ഡി.എഫ് ഭരണകാലത്ത് സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപന സമിതി യോഗങ്ങളിലെ ചര്‍ച്ചകള്‍ പോലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നത് കെ.പി.സി.സി അധ്യക്ഷന്‍ തന്നെയായിരുന്നെന്നത് അങ്ങാടിപ്പാട്ടായിരുന്നു. ഇത്തരത്തില്‍ എല്ലാ കാലങ്ങളിലും പാര്‍ട്ടി അച്ചടക്കം നഗ്‌നമായി ലംഘിക്കുന്ന സുധീരന്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്കുനേരെ കണ്ണുരുട്ടുന്നതാണ് എ-ഐ ഗ്രൂപ്പ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ഗ്രൂപ്പ് പോരിന് വഴിമരുന്നിടുകയും ചെയ്ത രാജ് മോഹന്‍ ഉണ്ണിത്താനെ സംരക്ഷിക്കുന്നതരത്തിലുള്ള സുധീരന്റെ നിലപാടും സംശയകരമാണ്. കൊല്ലത്ത് കാര്‍ തടയുകയും ചീമുട്ടയെറിയുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തപ്പോഴും ഉണ്ണിത്താനെതിരെ ഒരക്ഷരം മിണ്ടാന്‍  തയാറാകാതിരുന്നതും ശ്രദ്ധേയമാണ്. സുധീരന്റെ അറിവോടെയാണ് ഉണ്ണിത്താന്‍ കളത്തിലിറങ്ങിയതെന്ന എ-ഐ ഗ്രൂപ്പ് നേതാക്കളുടെ വാദത്തിന് ശക്തി പകരുന്നാണ് ഈ നടപടി. ഏതായാലും ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ സുധീരന്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന അച്ചടക്ക നടപടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് മുന്നോട്ടു പോകാനാണ് എ -ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംഘടാന തെരഞ്ഞെടുപ്പെന്ന ആവശ്യവും അവര്‍ ശക്തമാക്കിയിട്ടുണ്ട്.