കൂട്ടംകൂടിയുള്ള പ്രതിപക്ഷ പ്രതിഷേധം വലിയ കുറ്റകൃത്യം; ആരോഗ്യമന്ത്രി

തിരുവനന്തപുരം:കൂട്ടത്തോടെ ഒരുമിച്ച് നിന്ന് ഒരു മഹാമാരിയെ നേരിടുമ്പോള്‍ കൂട്ടംകൂടിയുള്ള പ്രതിപക്ഷത്തിന്‌റെ പ്രതിഷേധം വലിയ കുറ്റകൃത്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കൂട്ടംകൂടി ആളുകള്‍ സമൂഹത്തിലിറങ്ങുന്നത് കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. മഹാമാരിയ്ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കഠിനപ്രയത്‌നത്തിലൂടെയാണ് ഇതുവരെ കേരളം കൊവിഡിനെ നേരിട്ടത്. ഇതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. എന്നാല്‍ സമരങ്ങള്‍ വന്നപ്പോള്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ കിടക്കള്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകും. ഓക്‌സിജന്‍, വെന്റിലേറ്റര്‍ എന്നിവ കിട്ടാതാകും.

മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാമെന്നും പേരും വിവരങ്ങളും മറച്ചുവെച്ച് കൊവിഡ് പരിശോധനയ്ക്ക് വിധേയമാകരുതെന്നും മന്ത്രി പറഞ്ഞു.