ഫിദലിന്റെ കത്ത് നനഞ്ഞ പടക്കമായി; എം.എം. മണി വിഷയത്തില്‍ വി.എസിനെ തള്ളി പി.ബി

 

-വികാസ് രാജഗോപാല്‍-

എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്  അച്യുതാനന്ദൻ അയച്ച കത്ത് സി.പിഎം കേന്ദ്ര നേതൃത്വം തള്ളി.  വി എസ്  അയച്ചെന്ന് പറയപ്പെടുന്ന കത്ത്  ലഭിച്ചിട്ടില്ലെന്നും ഇതിനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. എപ്പോഴും വിഎസ് അനുകൂല നിലപാടുകൾ കൈക്കണ്ടിരുന്ന സീതാറാം യെച്ചൂരിയും ഇത്തവണ കൈയൊഴിഞ്ഞു എന്നത് ശ്രദ്ധേയമാണ് . കത്തിനെ സംബന്ധിച്ച് പുറത്ത് വന്ന വാർത്തകൾ അവൈലബിൾ പോളിറ്റ് ബ്യൂറോ ചർച്ചചെയ്തെന്നാണ് ലഭിക്കുന്ന വിവരം .

മണിക്കെതിരെ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് വി.എസ് അയച്ചെന്ന് പറയപ്പെടുന്ന കത്ത് സംസ്ഥാന നേതൃത്വത്തെ  കടുത്ത സമ്മർദത്തിൽ ആക്കിയിരുന്നു.അനാവശ്യ വിവാദങ്ങൾ ക്ഷണിച്ച് വരുത്തുന്ന നടപടിയെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് സംഭവത്തെ വിലയിരുത്തിയത്.ഈ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകൾക്ക് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും അതു പ്രകടിപ്പിക്കുന്ന കത്തുകൾ കേന്ദ്ര നേതൃത്വത്തിന് അയക്കുകയും ചെയ്യുന്നത് വി എസ്ൻ്റെ പതിവാണ് . മാധ്യമങ്ങൾ വഴി പുറത്ത് വരുന്ന കത്തുകൾ  എപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലും ആക്കാറുണ്ട് .

എസ് എൻ സി ലാവലീൻ കേസുമായി ബന്ധപ്പെട്ട് നിരന്തരം കത്തുകളയച്ച് വാർത്തകൾ സൃഷ്ടിച്ച വി എസ്നെ ഒരുഘട്ടത്തിൽ കേന്ദ്ര കമ്മിറ്റി വിലക്കിയിരുന്നു. അടുത്തിടെ ഇ.പി ജയരാജൻ വിവാദത്തിലും അച്യുതാന്ദൻ സമാന നടപടികൾ സ്വീകരിച്ചിരുന്നു.

നിലവിൽ വി എസ് കത്തയച്ച സാഹചര്യം മുൻപ് ഉള്ളതിൽ നിന്നും വിഭിന്നമാണ് . പോളിറ്റ് ബ്യൂറോ അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക പ്രകാരമാണ് മണി മത്സരിക്കാൻ ഇറങ്ങിയത് . സ്ഥാനാർത്ഥിയായി നിശ്ചയിക്കുമ്പോൾ തന്നെ മണി കൊലക്കേസിൽ പ്രതിയാണ് . ഈ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് അന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത് . ഇതിലെല്ലാം ഉപരിയായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറ്റ് മുതിർന്ന പി.ബി അംഗങ്ങൾ എന്നിവർ പങ്കെടുത്ത കമ്മറ്റിയാണ് മണിയെ മന്ത്രിയാക്കാൻ തീരുമാനിച്ചതും . ഈ വസ്തുതകൾ എല്ലാം നിലനിൽക്കെ അച്ചുതാനന്ദൻ്റെ കത്ത് പരിഗണിച്ചാൽ അത് പാർട്ടിയുടെ പോളിറ്റ് ബ്യുറോയെക്കൂടി പ്രശ്നത്തിലാക്കും.അതുകോണ്ടാണ് കോടതിയിൽ നിന്നും തുടർ നടപടികൾ ഉണ്ടായപ്പോൾ പാ‌ർട്ടി ശക്തമായി പ്രതികരിച്ചത്.

വിഎസ് അയച്ചെന്ന് പറയപ്പെടുന്ന കത്തിനെക്കുറിച്ച് അദ്ദേഹത്തിൻ്റ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പോലും വ്യക്തമായ അറിവില്ല. ജനുവരി അഞ്ചാം തീയതി തിരുവനന്തപുരത്ത് വെച്ച് പോളിറ്റ് ബ്യുറോ യോഗവും ആറു മുതൽ എട്ട് വരെ കേന്ദ്ര കമ്മിറ്റി യോഗവും ചേരുന്നുണ്ട് ഈ യോഗങ്ങളിൽ എം എം മണി വിഷയം ചർച്ച ചെയ്യിലെന്നാണ് സൂചനകൾ.

പാർട്ടി വി.എസിന് എതിരായി നിലപാടുകൾ സ്വീകരിക്കുമ്പോൾ സാധാരണ ഗതിയിൽ പരസ്യപ്രതികരണങ്ങൾ വി എസ് നടത്താറുണ്ട് . അതുകോണ്ട് തന്നെ അച്യുതാനന്ദൻ്റെ അടുത്ത നീക്കം എന്തെന്ന് പാർട്ടി നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്