കൊവിഡ് 19: ആള്‍ക്കൂട്ടത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം ശ്രീകാര്യത്തെ കണ്ടെയ്മെന്റ് സോണിലെ ആശുപത്രിയില്‍ ആള്‍ക്കൂട്ടത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം പാങ്ങപ്പാറ ആശുപത്രിയിലെ ഉദ്ഘാടന പരിപാടിയിലാണ് ചട്ടലംഘനം നടന്നത്. പരിപാടിയില്‍ തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പുറത്തുനിന്നുള്ള മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.

ഉദ്ഘാടന യോഗത്തില്‍ കര്‍ശനമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചതായി മേയര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയും മേയറും ആശുപത്രിയില്‍ എത്തിയത് മുതല്‍ നിരോധനാജ്ഞ ലംഘിച്ചതായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും പരാതി ഉയര്‍ന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്കൊപ്പം പുറത്തുനിന്നുള്ള പൊതുപ്രവര്‍ത്തകരും ആളുകളും നിരോധനാജ്ഞ ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.