പേൻ (കവിത -കൃപ അമ്പാടി )

തല ചൊറിഞ്ഞുചൊറിഞ്ഞ്
എന്റെ ഉന്മാദവീചികളുടെ
വേഗമേറ്റാൻ
ശാന്തമരീചികകളുടെ
തോന്നലേൽക്കാൻ
നിന്റെ ബോധരസക്കൂട്ടുകൾ
ചാലിച്ചിറക്കി
എന്നെ,യതിലൊന്ന് മുങ്ങാൻ തളളിവിട്ട്
അബോധതലച്ചോട്ടിൽ
നിൻ്റെ കൂടൊരുക്കി
എന്നെ,യതിലൊന്ന് മയങ്ങാൻ
തലോടിവിട്ട്
എന്റെ വികാരവിചാരങ്ങളുടെ
കാവൽക്കാരനായി നീ.

നീ
വാത്സല്യത്തിന്റെ ഒറ്റച്ചൊറിച്ചിൽ
പ്രണയത്തിന്റെ ഇരട്ടച്ചൊറിച്ചിൽ
ഭ്രാന്തിന്റെ നിർത്താചൊറിച്ചിൽ.

ഞാൻ പിന്തുടരുമ്പോൾ
വകവഴിയിലൂടോടി
ഇഴയിൽ മറഞ്ഞൊളിക്കണം.
നിന്റെ ക്ഷീരനിണമണത്തിൽ മയങ്ങി
പ്രണയാതുരയായ് ഞാൻ നിൽക്കണം.
പ്രാണപ്രണയത്തിൻ്റെ
കരാഗ്രസ്പർശമേൽക്കുമ്പോൾ
കുളിരിഴച്ചോട്ടിൽ നീ
നഖചിത്രമെഴുതണം .

എന്നോടുചേരാൻ , മുടിക്കറുപ്പ്
വാരിയണിഞ്ഞുണർന്ന് നീയും
പ്രണയക്കറുപ്പ് നഖമുനകളിൽ ഞെരിച്ചിടാനാവാതെ
നിന്നെ തലയിൽ തിരുകി ഞാനും.