ബ്രാഹ്മണ വിഭാഗത്തിലെ പെൺകുട്ടിയെ ദളിത് എംഎൽഎ വിവാഹം കഴിച്ചു; പെൺകുട്ടിയുടെ പിതാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി

ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ സംഭവങ്ങൾക്ക് വേദിയായി ദളിത് എംഎൽഎയുടെ വിവാഹവീട്. കള്ളക്കുറിശ്ശിയിലെ എംഎൽഎയായ പ്രഭു ബ്രാഹ്മിണ വിഭാഗത്തിൽപ്പെട്ട സൗന്ദര്യ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരുടേയും പ്രണയവിവാഹമാണ്. എന്നാൽ, മകളെ എംഎൽഎ തട്ടിക്കൊണ്ടുവന്നതാണെന്നാണ് പുരോഹിതനായ പിതാവിന്റെ ആരോപണം.

അതേസമയം, സംഭവം വിവാദമായതോടെ എംഎൽഎയും നവവധുവും വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾ നാലുമാസമായി പ്രണയത്തിലാണെന്നും സൗന്ദര്യയുടെ വീട്ടുകാർ വിവാഹത്തിന് എതിര് നിന്നതിനാലാണ് കഴിഞ്ഞദിവസം അവരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതെന്നും വിശദീകരിക്കുന്ന വീഡിയോയുമായി സൗന്ദര്യയും പ്രഭുവും രംഗത്തെത്തി. കള്ളക്കുറിശ്ശിയിലെ എഐഎഡിഎംകെ എംഎൽഎയാണ് എ പ്രഭു.

അതേസമയം, ദളിത് വിഭാഗത്തിൽപ്പെട്ട പ്രഭുവിന് 36 വയസ്സാണ് പ്രായം. സൗന്ദര്യയ്ക്ക് 19ഉം. ഇത് ചൂണ്ടിക്കാണിച്ചാണ് മകളെ എംഎൽഎ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതെന്ന് സൗന്ദര്യയുടെ പിതാവ് ആരോപിക്കുന്നത്. ഇരുവരുടെയും വിവാഹത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം എംഎൽഎയുടെ വീട്ടിലെത്തി ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഒടുവിൽ പോലീസുകാർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകനെപ്പോലെ കണ്ടിരുന്ന പ്രഭു തന്നെ വഞ്ചിച്ചു. പ്രഭു തന്റെ എല്ലാ വിശ്വാസവും തകർത്തു. തന്റെ മകളെ വശീകരിച്ച് വലയിലാക്കി. അവൾ ഒരിക്കലും വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. മാത്രമല്ല, ഇരുവരും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടെന്നും സൗന്ദര്യയുടെ പിതാവ് ആരോപിച്ചു. ഇവരുടെ പ്രണയത്തെച്ചൊല്ലി പിതാവ് നേരത്തെ പരാതി നൽകിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. നാല് വർഷമായി പ്രഭു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പേ പ്രഭു അടുപ്പം തുടങ്ങിയിരുന്നതായും പരാതിയിലുണ്ടായിരുന്നു.

എന്നാൽ, സൗന്ദര്യയെ ഒരിക്കലും തട്ടിക്കൊണ്ടുവന്നതല്ലെന്നും നാല് മാസമായി തങ്ങൾ പ്രണയത്തിലാണെന്നും നവദമ്പതിമാർ പറഞ്ഞു. സൗന്ദര്യയുടെ മാതാപിതാക്കളോട് വിവാഹത്തിന് സമ്മതം ചോദിച്ചപ്പോൾ അവർ എതിർക്കുകയാണ് ചെയ്തത്. ഇതോടെയാണ് കഴിഞ്ഞദിവസം തങ്ങൾ വിവാഹിതരായതെന്നും ദമ്പതികൾ വ്യക്തമാക്കി.