കേരളത്തില്‍ ‘ഓപ്പറേഷന്‍ താമരക്ക്’ തുടക്കമിട്ട് ബി.ജെ.പി

കേരളത്തില്‍ ‘ഓപ്പറേഷന്‍ താമരക്ക്’ തുടക്കമിട്ട് ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനമാണ് ലക്ഷ്യം. ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യം. എങ്കില്‍ മാത്രമേ കാവി രാഷ്ട്രീയത്തിന് കേരളത്തില്‍ നിലനില്‍പ്പുള്ളൂ എന്നാണ് വിലയിരുത്തല്‍. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ പരിവാര്‍ സംഘടനകള്‍ വിശദമായാണ് കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം മുഖവിലക്കെടുത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് വെള്ളാപ്പള്ളി നടേശനെ വീണ്ടും ബി.ജെ.പി പാളയത്തിലെത്തിച്ചിരിക്കുന്നത്.

പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളാപ്പള്ളിയെ നേരിട്ട് കണ്ടാണ് ചര്‍ച്ച നടത്തിയിരിക്കുന്നത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലാ വി.സി നിയമനത്തില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനോടാണ് ബി.ജെ.പി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബി.ഡി.ജെ.എസിന് കൂടുതല്‍ സീറ്റുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കാനും ബി.ജെ.പിക്ക് ആലോചനയുണ്ട്. നിയമസഭ തിരഞ്ഞടുപ്പിലും ഈ സഹകരണം തുടരും. എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണ കൂടി പരസ്യമായി ബി.ജെ.പിക്ക് വേണമെന്നാണ് നേതൃത്വം ആലോചിക്കുന്നത്. കോണ്‍ഗ്രസ്സും ഈ പിന്തുണ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ‘ഒരുറപ്പ്’ ഇരു വിഭാഗവും വെള്ളാപ്പള്ളിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.എന്നാല്‍ എസ്.എന്‍.ഡി.പി യോഗം പരസ്യമായി അത്തരമൊരു തീരുമാനമെടുത്താല്‍ കീഴ്ഘടകങ്ങള്‍ എതിരാകുമെന്ന ഭയം വെള്ളാപ്പള്ളിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായാണ് അദ്ദേഹത്തിന്റെ നീക്കം. എന്‍.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണ ഉറപ്പ് വരുത്താനും ബി.ജെ.പിയും കോണ്‍ഗ്രസ്സും ശ്രമിക്കുന്നുണ്ട്. ഇതിനായി എന്‍.എസ്.എസ് നേത്യത്വവുമായി അണിയറയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിജയ പ്രതീക്ഷയുള്ള 10 മുതല്‍ 15 വരെയുള്ള മണ്ഡലങ്ങള്‍ ടാര്‍ഗറ്റ് ചെയ്ത് അവിടെയാണ് ബി.ജെ.പി പിന്തുണ തേടുന്നത്. മറ്റിടങ്ങളില്‍ എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും യു.ഡി.എഫിനെ പിന്തുണച്ചാല്‍ ബി.ജെ.പി എതിര്‍ക്കില്ല. ഇവിടങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താനാണ് തീരുമാനം.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയത് ഭരണ തുടര്‍ച്ചയ്ക്ക് സാധ്യത കൂട്ടുമെന്നാണ് ബി.ജെ.പി ഭയക്കുന്നത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് തീരുമാനം. കോണ്‍ഗ്രസ്സ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തില്‍ കേരളത്തില്‍ മാത്രം തിരുത്ത് വരുത്താനാണ് നീക്കം. ‘കമ്യൂണിസ്റ്റ് മുക്ത കേരളം’ എന്നതായിരിക്കും ബി.ജെ.പിയുടെ പുതിയ മുദ്രാവാക്യം. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പുറമെ യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസി സൂര്യയും കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ച് ‘വെട്ടി’ നിരത്തേണ്ട മണ്ഡലങ്ങളുടെ പ്രത്യേക ലിസ്റ്റ് തന്നെ ഉണ്ടാക്കാനാണ് തീരുമാനം.

സി.പി.എമ്മിനൊപ്പം നിലയുറപ്പിക്കുന്ന ഹിന്ദു വോട്ട് ബാങ്ക് തകര്‍ക്കാതെ ബി.ജെ.പിക്ക് കേരളം പിടിക്കാന്‍ കഴിയില്ലെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലൂടെ ന്യൂനപക്ഷങ്ങളുടെ ഇടയിലും വലിയ സ്വകാര്യത സി.പി.എമ്മിന് ലഭിച്ചുവെന്നാണ് ബി.ജെ.പി കണക്കു കൂട്ടല്‍. അതുകൊണ്ട് തന്നെ ഭരണ തുടര്‍ച്ചയ്ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് പ്രതിരോധത്തിനും ശ്രമങ്ങള്‍ നടത്തുന്നത്. ഒരിക്കല്‍ കൂടി ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ അത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വലിയ ഭീഷണിയാകുമെന്നാണ് ആര്‍.എസ്.എസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും അധികം പരിവാര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് ഇടതുപക്ഷ ഭരണത്തിലാണെന്നാണ് ആര്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കുന്നത്. പരസ്യമായ ധാരണയില്ലെങ്കിലും രഹസ്യമായ ഒരു അന്തര്‍ധാര ഖദറിനും കാവിക്കും ഇടയില്‍ രൂപപ്പെടാനുള്ള സാധ്യതയെ രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. പിണറായി സര്‍ക്കാറിന്റെ ഇമേജ് ശിവശങ്കറിലൂടെ തകരുമെന്നാണ് യു.ഡി.എഫും ബി.ജെ.പിയും വിലയിരുത്തുന്നത്. സ്വര്‍ണ്ണക്കടത്ത് കേസ് പാളുമെന്ന് കണ്ടതോടെയാണ് ഇപ്പോള്‍ ഡോളര്‍ കൈമാറ്റത്തില്‍ പുതിയ കേസ് തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കിയതിന് പിന്നിലെ ഡല്‍ഹിയിലെ ഇടപെടലും ഏറെക്കുറേ വ്യക്തമാണ്. കൈവിട്ട കളിയാണ് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ഇപ്പോള്‍ കളിക്കുന്നത്. ത്രിപുര മോഡലില്‍ ഒരു ഓപ്പറേഷന്‍ കേരളത്തില്‍ നടക്കുമോ എന്നതാണ് പരീക്ഷണം. ഒറ്റക്ക് അട്ടിമറിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍ യു.ഡി.എഫിനെ മുന്‍ നിര്‍ത്തിയുള്ള അട്ടിമറിയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 43.48% വോട്ട് വിഹിതമാണ്. യുഡിഎഫിന് 38.81%വും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 14.96%വുമാണ് അന്ന് ലഭിച്ചിരുന്നത്.എന്നാല്‍ 2019ലെ ലോകസഭ തിരഞ്ഞെടുപ്പ് കണക്ക് പരിശോധിച്ചാല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നത്. 2014-ല്‍ നേമത്തിനു പുറമേ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലും ബി.ജെ.പി ഒന്നാമതാണ് എത്തിയിരുന്നത്. അതേസമയം കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 4.07 ശതമാനത്തിന്റെ വോട്ട് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15.53 ശതമാനമാണ് ബി.ജെ.പിയുടെആകെയുള്ള വോട്ട് വിഹിതം. 2021-ല്‍ വോട്ടു ശതമാനം വര്‍ദ്ധിച്ചില്ലെങ്കിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്നതാണ് ബി.ജെ.പിയുടെ ആഗ്രഹം. ആത്യന്തികമായി കാവിപ്പട ആഗ്രഹിക്കുന്നതാകട്ടെ ചുവപ്പിന്റെ അസ്തമയവുമാണ്. അണിയറയില്‍ രഹസ്യധാരണ രൂപപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതും ഈ ‘അജണ്ട’ തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ