കടലരികിലെ കല്ലറ പറഞ്ഞത് (കഥ -സുജ ഹരി)

ഫോർട്ട് കൊച്ചിയിലെ പുരാതനമായ
സെന്റ്: ഫ്രാൻസീസ് ദേവാലയം .
നൂറുകണക്കായ ഡച്ച് – പോർച്ചുഗീസ് കല്ലറകൾ.

അവയ്ക്കിടയിൽ വാസ്കോ ഡ ഗാമയുടെ കുടീരംതിരയുമ്പോൾ അവിചാരിതമായാണ് മുപ്പത്തിമൂന്നുകാരി അമ്മയും മൂന്നു വയസ്സുള്ള കുഞ്ഞും ഒരേ കല്ലറയിൽ അടക്കം ചെയ്യപ്പെട്ടതായി , കൊത്തിവച്ചത് എന്റെ കണ്ണിൽ പെട്ടത്.

ആ പ്രായത്തിലുള്ള ഒരു കുഞ്ഞുള്ളതിനാലാകാം ആ കാഴ്ച സത്യത്തിൽ എന്റെ കണ്ണുനനയിച്ചു. അവിടെനിന്നിറങ്ങി ഞാൻ പളളിയ്‌ക്ക് എതിർവശത്തെ ; സന്ദർശകർക്കു തുറന്നുകൊടുക്കാത്ത ഡച്ച് കൊട്ടാരത്തിന്റെ , തുറന്നിട്ട ഉദ്യാനത്തിലെത്തി.

കരിങ്കൽ പ്രതിമകളും, പേരറിയാമരങ്ങളും നിറഞ്ഞ പുൽത്തകിടിയിലെ ബഞ്ചിൽ , ആ അമ്മയെയും കുഞ്ഞിനെയും ഓർത്തു ഞാനിരുന്നു….!

ആ മരത്തണലിലെ തണുപ്പിൽ കടൽക്കാറ്റേറ്റിരുന്നാൽ ആരും മയങ്ങിപ്പോകും.

“പക്ഷെ ഇന്നു കാറ്റും, കടലും, ചതിക്കുമെന്നാണു തോന്നുന്നത്, തിരമാലകൾ എത്ര ഉയരത്തിലാണടിക്കുന്നത്? കാറ്റെത്ര വേഗത്തിലാണു വീശുന്നത്. ഇന്നെന്താണു കാറ്റിന്റെ ഗതി ഓരോ നിമിഷവുമിങ്ങനെ മാറുന്നത്? പുറപ്പെട്ടിട്ട് രണ്ടു മാസമായെങ്കിലും ഇതുപോലെ ഒരിക്കലുമുണ്ടായിട്ടില്ലല്ലോ ?
ഹൊ… ഇതു വല്ലാത്തൊരു ദിവസം തന്നെ.”
ക്യാപ്റ്റൻ റൊഡ്രിഗോ ഡിവേര പിറുപിറുത്തു.

പിന്നെ ഉറക്കെ വിളിച്ചു പറഞ്ഞു. ” മെയ്ഡൻ , നടുവിലത്തെ രണ്ടാം പായ ഇടത്തേയ്‌ക്കു മാറ്റിക്കെട്ടു”
അയാൾ അസ്വസ്ഥതയോടെ തൻെറ ചുരുട്ട് ആഞ്ഞു വലിച്ചുകൊണ്ടിരുന്നു!

ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്നും പുറപ്പെട്ട മൂന്ന് പായ് കപ്പലുൾപ്പെട്ട കപ്പൽ വ്യൂഹത്തിന്റെ ഇന്ത്യയിലേക്കുള്ള യാത്രയാണ്. അതിലൊന്നിൽ മരിയാന, അവളുടെ മക്കളായ ആറു വയസ്സുകാരൻ അലൻ മൂന്നു വയസ്സുകാരി അന്ന സഹോദരൻ മെയ്ഡൻ എന്നിവർക്കൊപ്പം ഉദ്യോഗാർത്ഥം കൊച്ചിയിലുള്ള ഭർത്താവ് “ഹെന്റിക് ഡി ടോമാസ് ” ന് അരികിലേക്കുള്ള കന്നിയാത്രയിലാണ് .

സ്വർണ്ണ മുടി കാറ്റിൽ പറത്തി, മുത്തു പോലെ തിളങ്ങുന്ന നീലക്കണ്ണുള്ള ആ വെള്ളപ്പൂമ്പാറ്റക്കുഞ്ഞിന്റെ വിരൽ പിടിച്ച് നടന്ന മരിയാനയുടെ ഫ്രോക്കിന്റെ ഞൊറികൾ കാറ്റിൽ ഇളകിയാടുന്നുണ്ടായിരുന്നു. അന്ന അമ്മയുടെ കൈവിടുവിച്ച് സഹോദരൻ അലന്റെ അടുത്തേക്ക് ഓടുന്നതിനിടയിൽ വേച്ചു പോയത് അവൾ മൂന്നു വയസ്സുകാരിയായതുകൊണ്ടു മാത്രമായിരുന്നില്ല , ആ കപ്പൽ, തിരയ്ക്കു മുകളിൽ ചാഞ്ചാടുന്നതുകൊണ്ടായിരുന്നു!

മരപ്പലകപാകിയ കപ്പലിന്റെ തറയിൽ ചിതറിക്കിടന്ന അലന്റെ ചെരിപ്പുകൾ പെറുക്കി ചേട്ടനു നൽകാൻ അന്ന അടുത്തു ചെന്നു. അവനപ്പോൾ അവളോടു ചെരിപ്പുവാങ്ങി, പിന്നീട് അവളുടെ ചെവിയിൽ പറഞ്ഞു. “നോക്കൂ മെയ്ഡനങ്കിൾ അതാ സ്വർഗ്ഗത്തിലെ *സ്യൂസ് ദേവനായിരിക്കുന്നു”.
അവൾ ആശ്ചര്യപൂർവ്വം മുകളിലേക്കു നോക്കി,
ഒന്നും മനസ്സിലാകാതെ അൽപ്പനേരം
നിന്നു. പിന്നീട് അവന്റെ കയ്യിലിരുന്ന ചിത്രത്താൾ വാങ്ങി, അമ്മയ്ക്കരികിലേക്കു മടങ്ങി.

പായ് മരത്തിന്റെ മുകളിലിരുന്ന്
മരിയാനയെയും അന്നയേയും നോക്കിയ
മെയ്ഡന് അവരെ പാവക്കുഞ്ഞുങ്ങളെപ്പോലെ തോന്നിച്ചു . അവനപ്പോൾ അവന്റെ കുട്ടിക്കാലം ഓർമ്മ വരികയും ചെയ്തു.
ചാഞ്ചാടുന്ന കപ്പലിന്റെ പായ മാറ്റിക്കെട്ടി തിരിച്ചിറങ്ങിയ മെയ്ഡൻ അലന്റെ കൈ പിടിച്ച് മരിയാനയുടെ അടുത്തെത്തി ആത്മഗതം പോലെ പറഞ്ഞു.

“കടൽ ചതിക്കുമെന്നാണു തോന്നുന്നത് ” !
ഭീതിയോടെ അവൾ സഹോദരന്റെ കണ്ണിലേക്ക് അൽപ്പനേരം നോക്കി നിന്നു

തിരമാലകൾ കപ്പലിന്റെ ഭിത്തിയിലും കാറ്റ് പായ്മരത്തിലും
പ്രഹരം കഠിനമാക്കാൻ ശ്രമം തുടങ്ങിയിരുന്നു. ക്യാപ്റ്റന്റെ ചുരുട്ടിൽ നിന്നിറങ്ങിയ പുകച്ചുരുളുകളെ കാറ്റ് ഒരു ചുഴിയിലേക്കെന്ന പോലെ കൂട്ടിക്കൊണ്ട് പോകുന്നുണ്ടായിരുന്നു.

ആഫ്രിക്കൻ വൻകരയിലും , മെഡഗാസ്കറിലും തൊടാതെയുള്ള ഒരു കപ്പൽപ്പാതയിലൂടെയാണവരുടെ യാത്രയെന്നും, അടുത്ത ദിവസം കൊച്ചിയിലെത്തുമെന്നും സഹോദരൻ പറഞ്ഞ് അവളറിഞ്ഞിരുന്നു. ഭീതിയോടെ മക്കളെ ചേർത്തു പിടിച്ചവൾ മുറിയിലേക്കു മടങ്ങി.

അയാൾ പറഞ്ഞത് ശരിയായിരുന്നു. കടൽ ക്ഷോഭിക്കാൻ തുടങ്ങി. സന്ധ്യയോടു കൂടി മറ്റു കപ്പലുകൾ കണ്ണിൽ നിന്നു മറഞ്ഞു. യാത്രക്കാർ
ഭയചകിതരായി. കുട്ടികൾ ഉറങ്ങിക്കഴിഞ്ഞപ്പോൾ അവൾ പെട്ടി തുറന്ന് ഹെന്റിയുടെ പടമെടുത്ത് അതിലേക്ക്
നോക്കിയിരുന്നു. മൂന്ന് വർഷം മുൻപുള്ള
പടം ! ഇപ്പോൾ അവനെങ്ങിനെയായിരിക്കും?
ആ പടം മുഖത്തു ചേർത്തവൾ കുഞ്ഞുങ്ങൾക്ക് സമീപം ചാരിക്കിടന്നു…….!

ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിലെ ഒരുമിച്ചുള്ള പഠനവും ജോലിയും പ്രണയവും വർഷങ്ങൾക്ക് ശേഷമുള്ള വിവാഹവുമെല്ലാം ഇന്നലെത്തേതുപോലെ മനസ്സിലൂടെ കടന്നുപോയി. ഒരിക്കലും പിരിഞ്ഞു ജീവിക്കില്ലെന്നു തീരുമാനിച്ചവരാണ് അവർ.
ഇൻഡ്യയിലെ സമ്പത്തും, സുഗന്ധവ്യഞ്ജനവും മോഹിച്ച യുവാക്കളായ സാഹസികരുടെ കൂട്ടത്തിൽ ഹെൻറിയും എങ്ങിനെ വന്നുപെട്ടുവെന്നത് അവൾക്കൽഭുതമായിരുന്നു.

കപ്പൽയാത്ര സാഹസികരായ യുവാക്കളുടെ സ്വപ്നമായതുകൊണ്ടു മാത്രമായിരുന്നില്ല അവൻ ഇറങ്ങി പുറപ്പെട്ടത്. മിടുക്കനും ബുദ്ധിമാനുമായ ഹെന്റിക്കിനെ ഡച്ച് ഭരണാധികാരികൾ കൊച്ചിയിൽ അഡ്മിറൽ ജനറൽ ആയി നിയമിച്ചിരുന്നത് അവൾ വൈകിയാണറിഞ്ഞത് ‘

പോർച്ചുഗീസുകാരെ തുരത്തി ഡച്ചുകാർ കൊച്ചിയിൽ അധികാരമുറപ്പിക്കുന്ന കാലമായിരുന്നു അത്. ഗർഭിണിയും, രണ്ടര വയസ്സുകാരന്റെ അമ്മയുമായ മരിയാനയ്ക്ക് ഹെന്റിയോടൊപ്പം യാത്ര പുറപ്പെടാനാവാതെ വന്നു. എങ്കിലും ഒടുവിൽ ആ യാത്ര യാഥാർത്ഥ്യമായല്ലോ എന്ന സംതൃപ്തിയിൽ അവൾ ഉറങ്ങിപ്പോയി.
അപ്പോൾ ഭാര്യയുടെയും മക്കളുടെയും രേഖാ ചിത്രം നെഞ്ചോട് ചേർത്ത് കൊച്ചീക്കോട്ടയിലിരുന്ന് കടലിലേക്ക് കണ്ണുനട്ട് നിമിഷങ്ങളെണ്ണി കാത്തിരിക്കുന്ന ഹെന്റി അവളുടെ സ്വപ്നത്തിൽ വിരുന്നു വന്നു.. !!

ബഹളവും, കുഞ്ഞുങ്ങളുടെ നിലവിളിയും കേട്ടാണ് അവൾ ഉറക്കമുണർന്നത്. ആർത്തനാദങ്ങളും ചീറിയടിക്കുന്ന കാറ്റും.. ഇരുട്ടും… അവൾക്ക് ഒന്നും മനസ്സിലായില്ല .

കുഞ്ഞുങ്ങളെ അവൾ മുറുകെ കെട്ടിപ്പിടിച്ചു. അയ്യോ….., തണുത്തു മരവിച്ച വെള്ളത്തിലേയ്ക്ക് ഊളിയിട്ടതു പോലെ….! ദൈവമേ എന്താണിത്?

കൊച്ചി തീരത്ത് കപ്പലുകളെ സ്വീകരിക്കാനായി ഹെന്റി കാത്തു നിന്നു.
ഒരു കപ്പൽ വഴിമധ്യേ തകർന്നതും അലനും മെയ്ഡനുമുൾപ്പടെ കുറച്ചു പേരെ തൊട്ടുപിറകേ വന്ന കപ്പൽയാത്രികർ രക്ഷപ്പെടുത്തിയതും ഭാര്യയും മകളും എന്നന്നേക്കുമായി യാത്രയായതുമൊന്നും പാവം ഹെന്റിയറിഞ്ഞിരുന്നില്ല…!!

പ്രിയതമയുടെ മരവിച്ച ശരീരത്തെ പുൽകി അന്നയുടെ കുഞ്ഞു കവിളിൽ ആദ്യ ചുംബനവും അന്ത്യ ചുംബനവും ഒരുമിച്ചേകി യാത്രയാക്കുമ്പോൾ കാരിരുമ്പിന്റെ കാഠിന്യമുള്ള ആ പടയാളിയുടെ ശരീരവും മനസ്സും തകർന്നടിഞ്ഞ പായ്ക്കപ്പൽ പോലെ ചിതറിപ്പോയിരുന്നു.

പ്രതീക്ഷയുടെ കപ്പലേറി പിതാവിനെ ക്കാണാനെത്തി നൊമ്പരപ്പൂവായ് മാറിയ അന്നയും , അമ്മ മരിയാനയും കൊച്ചിയിലെ ഡച്ച് സിമിത്തേരിയിൽ ഒരേ കല്ലറയിൽ ഇന്നുമുറങ്ങുന്നു….
ഹെന്റിയെ സ്വപ്നം കണ്ട് !!!

“മാഡം …. ഗേറ്റടക്കാൻ സമയമായി ”

വാച്ച്മാന്റെ വിറയ്ക്കുന്ന ശബ്ദം കേട്ട് ഞാൻഞെട്ടി.

ഉദ്യാനത്തിലെ പുൽത്തകിടിയിലെ ബഞ്ചിൽ ഇരുന്നുമയങ്ങിയ ഞാനുണർന്നത് അപ്പോഴാണ്. കണ്ണു തുടച്ച് ഞാൻ പള്ളിക്കുനേരേ നോക്കി.
അവിടെ തൂവെള്ള ഉടുപ്പിൽ പുഞ്ചിരിയോടെ
കൈവീശിനിന്ന് മരിയാനയും അന്നയും…എന്നെ യാത്രയാക്കുന്നതുപോലെ എനിക്കു തോന്നി. !

ഡച്ച് സുഗന്ധം പേറുന്ന ഒരിളം കാറ്റ് തേങ്ങലോടെ എന്നെ തഴുകി കടന്നുപോയി.

മനസ്സിലെ ഓർമ്മകൾ ഇറക്കി വച്ച് അസ്തമയസൂര്യന്റെ കിരണങ്ങൾ ചുവപ്പിച്ച ഇലകൾവീണു കിടന്നവഴിയിലൂടെ , ഞാൻ തിരികെനടന്നു.!!

(കഥയും കഥാപാത്രങ്ങളും സാങ്കല്പികം )
* സ്യൂസ്: ഗ്രീക്ക് പുരാണത്തിലെ സ്വർഗ്ഗത്തിൻെറയും, ആകാശത്തിന്റെയും ദേവൻ