അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനിയും കാത്തിരിക്കേണ്ടിവരും

അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനിയും കാത്തിരിക്കേണ്ടിവരും. പോരാട്ട സംസ്ഥാനങ്ങളിലെ ഫലങ്ങളൊക്കെ ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.

ഇരുനൂറ്റി അമ്പത്തിമൂന്നു ഇലക്ടറൽ വോട്ടുകളാണ് ജോ ബൈദന് ലഭിച്ചിരിക്കുന്നത്. ഇരുനൂറ്റി പതിമൂന്നു വോട്ടുകളാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേടിയിരിക്കുന്നത്.

ഇനി ആറു സംസ്ഥാനങ്ങളുടെ അന്തിമ ഫലമാണ് വരാനുള്ളത്. ഇതിൽ അലാസ്ക, റിപ്പബ്ലിക്കൻ അനുകൂല സംസ്ഥാനമാണ് . അവിടെയുള്ള മൂന്ന് ഇലക്ട്രൽ കോളജ് വോട്ടുകളും ഡോണാൾഡ് ട്രംപിന് തന്നെയാണ് കിട്ടുക.

പോരാട്ട സംസ്ഥാനങ്ങളായ അരിസോണ, നെവാദ, പെൻസിൽവേനിയ, നോർത്ത് കരോലീന, ജോർജിയ എന്നിവയുടെ വോട്ടെണ്ണലാണ് ഇനിയും പൂർത്തിയാകാനുള്ളത്. പല മാദ്ധ്യമങ്ങളും അരിസോണ ബൈദനാണെന്നു പറഞ്ഞിട്ടുണ്ടെങ്കിലും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് കടുത്ത പോരാട്ടമാണെന്നാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മേൽപ്പറഞ്ഞ മിക്ക സംസ്ഥാനങ്ങളും ട്രംപിന് മേൽക്കൈ നൽകിയെങ്കിലും അവസാന ഘട്ടങ്ങളിൽ പോരാട്ടം ഇഞ്ചോടിഞ്ച് എന്ന നിലയിലാവുകയായിരുന്നു. ഇതിൽ നേവാദ മാത്രമാണ് നിലവിൽ ഹില്ലരി ക്ലിന്റൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചിരുന്നത്. മിഷിഗൺ, വിസ്കോൻസിൻ എന്നീ പോരാട്ട സംസ്ഥാനങ്ങൾ ജോ ബൈദൻ ഡോണാൾഡ് ട്രംപിൽ നിന്ന് പിടിച്ചെടുത്തു. ഇനി പ്രധാന സംസ്ഥാനങ്ങളിലെ പോരാട്ടം പരിശോധിക്കാം.

അരിസോണ ജോബൈദൻ വിജയിക്കുകയാണെങ്കിൽ പതിനൊന്ന് ഇലക്ട്രൽ കോളേജ് വോട്ടുകളാണ് ബൈദന് കിട്ടുക. നിലവിലുള്ള വോട്ടുകളോട് ചേർത്തു വെച്ചാൽ ബൈദന് ഇരുനൂറ്റി അറുപത്തിനാല് വോട്ടുകളാകും. കടുത്ത പോരാട്ടം നടക്കുന്ന നെവാദയിലെ ആറും കൂടി ലഭിച്ചാൽ ബൈദന് തെരഞ്ഞെടുപ്പ് വിജയിക്കാനാകും. പെൻസിൽവേനിയയിലെ ഇരുപത് ഇലക്ട്രൽ വോട്ടുകൾ കിട്ടിയാലും ബൈദന് ജയിക്കാനാകും. നിലവിൽ പെൻസിൽവേനിയയിൽ ട്രംപ് മുന്നിലാണെങ്കിലും ലീഡ് നില ആറുലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമായി കുറഞ്ഞിട്ടുണ്ട്.

ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ഫിലഡെൽഫിയയിലെ മുപ്പതു ശതമാനത്തോളം വോട്ടുകൾ ഇനിയും എണ്ണാനുണ്ട്. നിലവിൽ എണ്ണിയ അഞ്ച് ലക്ഷത്തി എഴുപതിനായിരം വോട്ടുകളിൽ എഴുപത്തിയൊമ്പത് ശതമാനവും ബൈദനാണ് നേടിയത്. അതുകൊണ്ട്തന്നെ ശേഷിക്കുന്ന വോട്ടുകൾ ബൈദന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുകയാണ് ഡെമോക്രാറ്റുകൾ.

ജോർജിയയിൽ ദശാംശം അഞ്ച് പോയിന്റിന്റെ ലീഡാണ് ഡോണാൾഡ് ട്രംപിനുള്ളത്. ഡെമോക്രാറ്റ് ശക്തികേന്ദ്രമായ അറ്റ്ലാന്റയിലും പരിസര പ്രദേശങ്ങളിലുമുള്ള മെയിൽ ഇൻ വോട്ടുകളടക്കം ഇനിയും എണ്ണിത്തീർന്നിട്ടില്ല. ഇരുപത്തിമൂവായിരം വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഇപ്പോൾ ബൈദനും ട്രംപും തമ്മിലുള്ളത്. നോർത്ത് കരോലീനയിൽ തൊണ്ണൂറ്റിയഞ്ച് ശതമാനം വോട്ടുകളും എണ്ണിത്തീർന്നപ്പോൾ ഡോണാൾഡ് ട്രംപ് ഒന്നര പോയിന്റിന് മുന്നിൽ നിൽക്കുകയാണ്.