സ്വയം മാറി നില്‍ക്കാനുള്ള വിവേകം കോടിയേരി കാണിക്കുമോ ?

വ്യക്തികളല്ല പ്രധാനം പ്രസ്ഥാനം മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. അത്തരമൊരു പ്രസ്ഥാനത്തിന് ഒരു വ്യക്തിയുടെ പദവി പ്രതിസന്ധി സൃഷ്ടിക്കുന്നുവെങ്കില്‍ അതിന് ഉചിതമായ പരിഹാരമാണ് അടിയന്തരമായി തേടേണ്ടത്. ബിനീഷ് കോടിയേരി നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് മാത്രമാണുള്ളത്. ഇക്കാര്യത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. മറ്റൊരു പാര്‍ട്ടിക്കും സ്വീകരിക്കാന്‍ കഴിയാത്ത ഉറച്ച നിലപാട് തന്നെയാണിത്. ബിനീഷ് കോടിയേരിക്കെതിരായ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെയും ലൈഫ് മിഷന്‍, കെ. ഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ കേന്ദ്ര അന്വേഷണത്തെയും രണ്ടായി തന്നെയാണ് സര്‍ക്കാറും സി.പി.എമ്മും വിലയിരുത്തുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ നീക്കത്തെ രാഷ്ട്രീയപരമായി നേരിടുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബിനീഷ് കോടിയേരിക്കെതിരായ കേസിനെ രാഷ്ട്രീയ പ്രേരിതമായും അദ്ദേഹം കാണുന്നില്ല. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുളളതായി കരുതുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ഒരു വ്യക്തിക്കെതിരേ ഉയര്‍ന്നുവരുന്ന ആരോപണത്തിന്റെ ഭാഗമായുളള അന്വേഷണത്തെ കുറിച്ച് അതിന്റെ നിജസ്ഥിതി എന്താണെന്നറിയാതെ മുന്‍കൂറായി പ്രവചനം നടത്താന്‍ കഴിയില്ലെന്നും പിണറായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘അന്വേഷണ ഏജന്‍സി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അവരുടെ കൈയില്‍ എന്താണ് ഉളളത് എന്ന് അറിയാത്ത ഒരു കൂട്ടര്‍ അതിനെപറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ലന്ന നിലപാടാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരെ മാത്രമല്ല കേന്ദ്ര ഏജന്‍സികളെ പോലും അത്ഭുതപ്പെടുത്തിയ നിലപാടാണിത്. കമ്യൂണിസ്റ്റ് ഭരണാധികാരികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും ഇത്തരം നിലപാട് തന്നെയാണ്. ഇതോടെ ബാലാവകാശ കമ്മിഷന്റെ ഇടപെടലും പൂജപ്പുര പൊലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞതും സര്‍ക്കാറിന്റെ അറിവോടെയല്ലെന്നു കൂടിയാണ് തെളിഞ്ഞിരിക്കുന്നത്. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടായെങ്കില്‍ ആ കുടുംബത്തിന് നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ വാക്കുകളില്‍ നിന്നു തന്നെ നിലപാടുകളും വ്യക്തമാണ്.

അതായത്, ‘കൊല്‍ക്കത്ത മോഡല്‍’ ഒരു പ്രതികാര നടപടിക്ക് സര്‍ക്കാറില്ലെന്ന് വ്യക്തമാക്കുന്ന നിലപാടാണിത്. ബിനീഷ് കോടിയേരിയുടെ കുടുംബത്തിന്റെ വാക്കുകള്‍ കേട്ട് നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ വെട്ടിലായി പോകുമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യാഗസ്ഥര്‍ ഉപദ്രവിച്ചെന്നും റെയ്ഡ് നടന്ന സ്ഥലത്ത് നിന്നും ഇറക്കിവിട്ടെന്നുമുള്ള ബിനീഷിന്റെ ഭാര്യാപിതാവിന്റെ പരാതിയാണ് പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ ഭാര്യയും മകളും തന്നെയാണ് ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിനെ കൊണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള നീക്കമാണ് ഇതോടെ തകര്‍ന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുണ്ടാകുന്ന മനോവിഷമം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

സ്വന്തം മകന് എതിരായ കേസുമൂലം പ്രതിരോധത്തിലായിരിക്കുന്നത് കോടിയേരി മാത്രമല്ല അദ്ദേഹത്തിന്റെ പ്രസ്ഥാനം കൂടിയാണ്. സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഒന്നാകെയാണിപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടി സഖാക്കളെയും അവരുടെ കുടുംബങ്ങളെയും കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ് ആ മൂല്യങ്ങള്‍ കാണാതെ പോയിരിക്കുന്നത്. ബിനീഷ് സി.പി.എം അംഗമായാലും അല്ലെങ്കിലും അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയുടെ മകനാണ്. അയാള്‍ എങ്ങനെ ജീവിക്കണം എന്ന് ഉപദേശിക്കാനുള്ള അധികാരം കോടിയേരിക്കുണ്ട്. സി.പി.എം സമ്മേളന വേദികളിലും സമരമുഖത്തും പലപ്പോഴും പിതാവിനൊപ്പം നിറസാന്നിധ്യമായിരുന്നു ബിനീഷ് കോടിയേരി. സി.എച്ച് കണാരന്റെ മകനെ പോലെ കെ.എസ്.യുവില്‍ നിന്നല്ല എസ്.എഫ്.ഐയില്‍ നിന്നു തന്നെയാണ് ബിനീഷ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

മക്കളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ ഒരു പിതാവ് എന്ന രീതിയില്‍ കോടിയേരിക്ക് ശരിക്കും ബാധ്യതയുണ്ടായിരുന്നു. അത് നിര്‍വ്വഹിച്ചിട്ടുണ്ടോ എന്നത് സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ടതും ഇനി കോടിയേരി തന്നെയാണ്. തന്റെ മക്കള്‍ എന്തുകൊണ്ടാണ് നിരന്തരം വിവാദ നായകരാകുന്നത് എന്നത് എന്തുകൊണ്ടാണ് കോടിയേരി ചിന്തിക്കാതിരുന്നത്. നാടിന് മാതൃകയാകേണ്ടത് കമ്യൂണിസ്റ്റ് നേതാക്കള്‍ മാത്രമല്ല അവരുടെ കുടുംബങ്ങള്‍ കൂടിയാണ്. ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. ബ്രാഞ്ച് തലം മുതല്‍ കേന്ദ്രകമ്മറ്റി വരെ നിരവധി സഖാക്കളാണ് അച്ചടക്ക നടപടിക്ക് വിധേയരായിരിക്കുന്നത്. വിമര്‍ശനങ്ങളെ പോലെ തന്നെ സ്വയം വിമര്‍ശനങ്ങളും നടത്തുന്ന പാര്‍ട്ടിയാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലെ ഇത്തരം നിലപാട് സ്വീകരിക്കുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ന് രാജ്യത്തില്ല. കേരളത്തിലെ സി.പി.എമ്മിന്റെ അടിത്തറയും പൊതു സമൂഹം നല്‍കിയ ഈ വിശ്വാസ്യതയാണ്. അത് തകര്‍ക്കുന്ന നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് സ്ഥാനം തെറിച്ച എത്രയോ സഖാക്കള്‍ ബ്രാഞ്ച് തലം മുതല്‍ സി.പി.എമ്മിലുണ്ടായിട്ടുണ്ട്. എണ്ണി പറയാന്‍ അനവധി ഉദാഹരണങ്ങള്‍ ഓരോ നാട്ടിലും ഇപ്പോഴും കാണും. എന്തിനേറെ മോശം പെരുമാറ്റത്തിന് പോലും സസ്‌പെന്‍ഷനും പുറത്താക്കലും ഈ പാര്‍ട്ടിയില്‍ നിരവധിയുണ്ടായിട്ടുണ്ട്. ജനങ്ങളെ ‘യജമാന്‍മാരായി’ കാണുന്ന പാര്‍ട്ടി ആയതിനാലാണ് ഇത്തരം നിലപാട് സി.പി.എമ്മിന് സ്വീകരിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഈ നിലപാട് ഒരു വിഭാഗത്തിന് മാത്രം ബാധകം എന്ന രീതിയിലേക്ക് പോകാന്‍ ഒരിക്കലും പാടില്ല. അത് കേഡര്‍ സംവിധാനത്തെ തന്നെയാണ് തകര്‍ക്കുക. ഇത്രയും കോളിളക്കമുണ്ടായ സംഭവമുണ്ടായിട്ടും എന്തുകൊണ്ടാണ് കോടിയേരി സ്വയം മാറി നില്‍ക്കാതിരിക്കുന്നത് എന്ന ചോദ്യം ഇടതുപക്ഷ പ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.

മകന്‍ ചെയ്ത തെറ്റിന് അവന്‍ അനുഭവിച്ച് കൊള്ളുമെന്ന വാദമൊന്നും പുതിയ കാലത്ത് പാര്‍ട്ടി അനുഭാവികള്‍ പോലും അംഗീകരിക്കുകയില്ല. ഒരേ വീട്ടില്‍ താമസിച്ചിരുന്നതിനാല്‍ ബിനീഷില്‍ ഒരു നിയന്ത്രണം തീര്‍ച്ചയായും കോടിയേരിക്ക് സാധ്യമാകുമായിരുന്നു. അവിടെയാണ് അദ്ദേഹം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ അനുഭവത്തിലെങ്കിലും മക്കളോട് ജാഗ്രത പാലിക്കാന്‍ കോടിയേരി പറയണമായിരുന്നു. എന്നാല്‍ അതൊന്നും ഇവിടെ നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.എം നേതാവിന്റെ മക്കളുടെ സൗഹൃദം ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടാകും ഈ നാട്ടില്‍. അതില്‍ പലര്‍ക്കും പല അജണ്ടകളുമുണ്ടാകും. അത് തിരിച്ചറിയാനും നിരീക്ഷിക്കാനും കോടിയേരി ബാലകൃഷ്ണന് കഴിയണമായിരുന്നു.

സി.പി.എം പ്രവര്‍ത്തകരുടെ ജീവിതം തുറന്ന പുസ്തകമായിരിക്കണമെന്ന് പറയുമ്പോള്‍ സ്വന്തം കുടുംബത്തിലെ പുസ്തകമാണ് ഇവിടെ കോടിയേരി തുറക്കാന്‍ മറന്നിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ മാത്രമല്ല മയക്കുമരുന്ന് കേസിലേക്കും ബിനീഷിന്റെ സാന്നിധ്യം വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. അതീവ ഗുരുതരമായ കുറ്റമാണിത്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രതിപക്ഷത്തിന് കിട്ടിയ വലിയ ഒരു ആയുധമാണിത്. സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ അന്വേഷണം തിരിച്ചടിച്ചാലും ബിനീഷ് കേസ് ഗുണകരമാക്കി മാറ്റാമെന്നാണ് പ്രതിപക്ഷം കരുതുന്നത്.

ബി.ജെ.പിയും യു.ഡി.എഫും ബിനീഷ് കോടിയേരിയുടെ പിതാവിനെയല്ല സി.പി.എം സംസ്ഥാന സെക്രട്ടറിയെയാണ് ആക്രമിക്കുന്നത്. ഇനിയും അതിന് നിന്നു കൊടുക്കാതെ സ്വയം മാറി നില്‍ക്കാനുള്ള വിവേകമാണ് കോടിയേരി കാണിക്കേണ്ടത്. അതല്ലെങ്കില്‍ സി.പി.എം തന്നെയാണ് അനിവാര്യമായ തീരുമാനം എടുക്കേണ്ടത്. ഇടതുപക്ഷ മനസ്സുകള്‍ മാത്രമല്ല പൊതു സമൂഹവും ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.