കേന്ദ്രവും കേരളവും തമ്മിലുള്ള ഭിന്നത മുറുകുന്നു

കേന്ദ്ര ഏജന്‍സികളുമായി ഏറ്റുമുട്ടാനുള്ള പിണറായി സര്‍ക്കാറിന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് വന്‍ പ്രത്യാഘാതം. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും ഫയലുകള്‍ വിളിച്ച് വരുത്തിയും പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ കേന്ദ്ര ഏജന്‍സികള്‍ വിവരമറിയുമെന്ന സന്ദേശമാണിപ്പോള്‍ മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഏറ്റവും കടത്ത ഭാഷയില്‍ തന്നെ മുന്നറിയിപ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചതിനാല്‍ സര്‍ക്കാറിന്റെ തുടര്‍ നടപടികളാണ് രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്. സംസ്ഥാനം കേന്ദ്ര ഏജന്‍സികളോട് നിസഹകരിച്ചാല്‍ അത് കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ചും വലിയ വെല്ലുവിളിയാകും. ഫയല്‍ പിടിച്ചെടുക്കാനും ചോദ്യം ചെയ്യാനും ബലപ്രയോഗത്തിന് ഏജന്‍സികള്‍ മുതിര്‍ന്നാല്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കലാശിക്കുക.

ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് സ്റ്റേറ്റിനുള്ള അധികാരം വളരെ കൂടുതലാണ്. ശാരദ ചിട്ടി കേസുമായി ബന്ധപ്പെട്ട് മുന്‍പ് കൊല്‍ക്കത്ത കമ്മീഷണറെ ചോദ്യം ചെയ്യാന്‍ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ മമതയുടെ പൊലീസ് കസ്റ്റഡിയിലെടുത്തതും ഈ അധികാരം ഉപയോഗിച്ചാണ്. കൊല്‍ക്കത്തയിലെ സി.ബി.ഐ ആസ്ഥാനം ലോക്കല്‍ പൊലീസ് വളയുന്നതില്‍ വരെയാണ് അന്ന് കാര്യങ്ങള്‍ എത്തിയിരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചതും രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. ഒടുവില്‍ സംസ്ഥാന പൊലീസ് തന്നെയാണ് കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യാഗസ്ഥരെ വിട്ടയച്ചിരുന്നത്. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബംഗാളിന് പുറത്ത് വച്ചാണ് അന്നത്തെ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്.

ബംഗാളിലെ കേന്ദ്ര ഇടപെടലിനെതിരെ ഏറ്റവും ശക്തമായി രംഗത്ത് വന്നിരുന്നത് കോണ്‍ഗ്രസ്സാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രൂക്ഷമായാണ് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നത്. അധികാരത്തിലെത്തിയ ദിവസം മുതല്‍ രാഷ്ട്രത്തിന് വേണ്ടിയല്ല പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാംനബി ആസാദും പ്രതികരിച്ചിരുന്നത്. പിണറായി സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ കര്‍ശന നടപടിയിലേക്ക് കടന്നാല്‍ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിനും ആ നിലപാടുകള്‍ക്കൊപ്പമാണ് ഇനി നില്‍ക്കേണ്ടി വരിക. അതോടെ വെട്ടിലാക്കുക കേരളത്തിലെ കോണ്‍ഗ്രസ്സും ലീഗുമാണ്. കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മറിച്ചൊരു അഭിപ്രായമില്ല. അഭിപ്രായമുള്ളത് രമേശ് ചെന്നിത്തലക്കും കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്കുമാണ്.

ഇവിടെ ബി.ജെ.പിയെക്കാള്‍ കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ പോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതും യു.ഡി.എഫ് നേതൃത്വമാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി തുറന്ന ഏറ്റുമുട്ടലിലേക്ക് പോയാല്‍ അതിന് വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുന്നതും യു.ഡി.എഫായിരിക്കും. പ്രത്യേകിച്ച് യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും കൈവിടുന്ന അവസ്ഥയാണുണ്ടാകുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിലൂടെ ഇപ്പാള്‍ തന്നെ യു.ഡി.എഫിന്റെ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വലിയ വിള്ളലാണ് ഇടതുപക്ഷം വീഴ്ത്തിയിരിക്കുന്നത്. ഇതിലാണ് ചോര്‍ച്ച ഇനിയും കൂടാന്‍ പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവില്‍ മാസ് ഡയലോഗായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ പരിധിവിട്ട നീക്കത്തിന് മുതിര്‍ന്നാല്‍ കടുത്ത നടപടിയിലേക്ക് കടക്കും എന്നത് തന്നെയാണ് പിണറായിയുടെ വാക്കുകളില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകരും അനുമാനിക്കുന്നത്. അത്തരമൊരു സാഹചര്യത്തെ കേന്ദ്ര ഏജന്‍സികളും മുന്‍കൂട്ടി കാണുന്നുണ്ട്.

ഏറ്റുമുട്ടാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ അത് കൊല്‍ക്കത്തയ്ക്കും അപ്പുറമുള്ള സംഭവ വികാസങ്ങളിലാണ് കലാശിക്കുക. കേന്ദ്രത്തിന്റെ അധികാരം ഉപയോഗിച്ച് പിരിച്ച് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ അതും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. പൊതു തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ രണ്ടും കല്‍പ്പിച്ചുള്ള ഒരു ‘സാഹസം’ കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് ആത്മഹത്യാപരം തന്നെയാകും. മമതയേക്കാള്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ കണ്ണിലെ കരടാണ് പിണറായി വിജയന്‍. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് പോലും കയ്‌പേറിയ അനുഭവമുണ്ടായത് കേരളത്തിലാണ്. രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാറിനെതിരെ സംഘപരിവാര്‍ നടത്തിയ ഏറ്റവും ശക്തമായ സമരവും കേരളത്തിലാണ്. സകല കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പങ്കെടുപ്പിച്ച് കണ്ണുരില്‍ നിന്നും തിരുവനന്തപുരം വരെ നടത്തിയ ജനരക്ഷാ മാര്‍ച്ച് നയിക്കാന്‍ സാക്ഷാല്‍ അമിത് ഷാ തന്നെയാണ് മുന്നിലുണ്ടായിരുന്നത്.

പിണറായിയുടെ തലയ്ക്ക് ആര്‍.എസ്.എസ് നേതാവ് ഇനാം പ്രഖ്യാപിച്ചതും ഞെട്ടിച്ച സംഭവമാണ്. പ്രതിഷേധം രൂക്ഷമായതോടെ ഈ നേതാവിനെ ആര്‍.എസ്.എസ് തന്നെ പിന്നീട് പുറത്താക്കുകയാണുണ്ടായത്. കേരള മുഖ്യമന്ത്രിക്ക് കേരളത്തിന് പുറത്ത് യാത്രാ വിലയ്ക്ക് പ്രഖ്യാപിച്ചതും സംഘപരിവാര്‍ സംഘടനകളാണ്. ഈ ഭീഷണി അവഗണിച്ചാണ് പിണറായി മുന്നോട്ട് പോയിരുന്നത്. ഒടുവില്‍ ഈ യാത്രാ വിലക്ക് വിലക്കിയവര്‍ക്ക് തന്നെ പിന്‍വലിക്കേണ്ടിയും വന്നു. അതാണ് പിണറായി സ്‌റ്റൈല്‍. എടുത്ത നിലപാടില്‍ നിന്നും ഒരടി പിന്നോട്ട് പോകാത്ത ആ കാര്‍ക്കശ്യം കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ചും കടുത്ത വെല്ലുവിളി തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എമ്മും മുന്നോട്ട് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങിയതും കേന്ദ്ര സര്‍ക്കാറിനുള്ള വ്യക്തമായ മുന്നറിയിപ്പ് തന്നെയാണ്. ജനങ്ങളെ അണിനിരത്തി നേരിടുമെന്ന സന്ദേശമാണ് സി.പി.എം കേന്ദ്ര സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കാന്‍ വന്നവര്‍ അത് മറയാക്കി സര്‍ക്കാര്‍ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതാണ് മുഖ്യമന്ത്രിയെയും പ്രകോപിപ്പിച്ചിരിക്കുന്നത്. വിരട്ടലിന് ഭയന്ന് ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാടിന്റെ വികസനം തടയാന്‍ ഒരു കുത്തകയുടെയും വക്കാലത്തുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരേണ്ടതില്ലന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഏതാനും വികല മനസ്സുകളുടെ താല്‍പ്പര്യത്തിനനുസരിച്ച് തുള്ളിക്കളിക്കുന്നവരായി അന്വേഷണ ഏജന്‍സികള്‍ മാറരുതെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന കെ ഫോണ്‍ യുവതയുടെ പ്രതീക്ഷയാണ്. കിഫ്ബിയുടെ പണം ഉപയോഗിച്ച് നവരത്ന കമ്പനിയായ ഭെല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. നാടാകെ കാത്തിരിക്കുന്ന പദ്ധതി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് സ്വാഭാവികമായും പ്രയാസമുണ്ടാക്കുന്നുണ്ട്. ആ നിക്ഷിപ്ത താല്‍പ്പര്യം അന്വേഷണ ഏജന്‍സിക്ക് വരുന്നത് എങ്ങനെയാണെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

നിര്‍വഹണ ഏജന്‍സിയെക്കുറിച്ചല്ല കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിനോടാണ് അവരുടെ വിയോജിപ്പെന്നും മുഖ്യമന്ത്രി ആരോപിച്ചിട്ടുണ്ട്. ഇതൊക്കെ നടപ്പാക്കാന്‍ കുത്തകകളും സ്വകാര്യ ഏജന്‍സികളുമുണ്ടല്ലോ നിങ്ങള്‍ എന്തിനെന്നാണ് കരുതുന്നതെങ്കില്‍ ആ താല്‍പ്പര്യം വച്ച് അവിടെയിരുന്നാല്‍ മതിയെന്നും ഇങ്ങോട്ട് വരേണ്ടന്നുമാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനിയും പ്രകോപിപ്പിച്ചാല്‍ കേന്ദ്ര ഏജന്‍സി വിവരമറിയുമെന്ന മുന്നറിയിപ്പു കൂടിയാണിത്. വീട് ഒരു സ്വപ്നമായിത്തന്നെ മണ്ണടിഞ്ഞുപോകുമായിരുന്ന ലക്ഷങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയുടെ ഗുണമെന്നും എന്തിനാണ് ആ പദ്ധതിയുടെ മെക്കിട്ട് കയറുന്നതെന്നും ചോദിക്കുന്ന മുഖ്യമന്ത്രി അതിന്റെ ചുമതലക്കാരെ നിരന്തരം ചോദ്യം ചെയ്യുന്നതിലുള്ള രോഷവും പരസ്യമായാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി ദീര്‍ഘകാലമായി ഷെല്‍ഫിലായിരുന്നെന്നും എല്‍ഡിഎഫിന് അതിനോട് താല്‍പ്പര്യം വരുന്നത് 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതിനാല്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാടിനുവേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ സ്വാഭാവികമായും അത്തരം താല്‍പ്പര്യങ്ങള്‍ കാണിക്കുക തന്നെ ചെയ്യും. കേരളത്തില്‍ വികസനം നടക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം മാത്രമല്ല ഉത്തരവാദികള്‍, മികച്ച ഭരണനിര്‍വഹണത്തിന് തുടര്‍ച്ചയായി അവാര്‍ഡ് ലഭിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും വലിയ പങ്കുണ്ടെന്നു പിണറായി ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അത്തരം ഉദ്യോഗസ്ഥരുടെ മേലെ രാജ്യത്തിലെ അന്വേഷണ ഏജന്‍സികള്‍ മുഴുവന്‍ വട്ടമിട്ട് പറന്നാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മുന്നറിയിപ്പ്.

രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികള്‍ സ്തംഭിപ്പിക്കാനും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന നിഗമനത്തിലാണ് പിണറായി സര്‍ക്കാര്‍ ശക്തമായ പ്രതിരോധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇക്കാര്യം പരമാവധി ജനങ്ങളിലെത്തിച്ച് പിന്തുണ ആര്‍ജിക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയോടെ ചുട്ട മറുപടി കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിയുമെന്നാണ് സി.പി.എം നേതൃത്വവും പ്രതീക്ഷിക്കുന്നത്.