രജനി തിരുവണ്ണാമലയില്‍ മത്സരിക്കും’: സഹോദരന്‍ സത്യനാരാണയ റാവു

    ചെന്നൈ: നിയമസഭാ തെിരഞ്ഞെടുപ്പില്‍ രജനീകാന്ത് തിരുവണ്ണാമലയില്‍ നിന്നു മത്സരിക്കുമെന്നു സഹോദരന്‍ സത്യനാരാണയ റാവു. ദൈവ നിശ്ചയമുണ്ടെങ്കില്‍,  രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയില്‍ നിന്നാകും- തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷം സത്യനാരായണ റാവു പറഞ്ഞു.

    രജനി മക്കള്‍ മന്‍ട്രം ഭാരവാഹികളുമായി താരവും പാര്‍ട്ടി ഓവര്‍സിയര്‍ തമിഴരുവി മണിയന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന മൂര്‍ത്തി എന്നിവരും നടത്തിയ ചര്‍ച്ചയില്‍ രജനീകാന്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ തീരുമാനിച്ചിരുന്നു. രജനി മക്കള്‍ മന്‍ട്രം കണ്‍വീനര്‍ വി.എം.സുധാകറും യോഗത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളില്‍ ഉറപ്പാക്കണമെന്നു നേതൃത്വം നിര്‍ദേശിച്ചു.

    ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കി. ബൂത്ത് തലം മുതല്‍ വനിതാ പ്രാതിനിധ്യമുറപ്പാക്കണം. ഇന്ന് 70-ാം ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. 31-നാണു പാര്‍ട്ടി പ്രഖ്യാപന തീയതി പ്രഖ്യാപിക്കുന്നത്. പൊങ്കല്‍ ദിവസം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണു സൂചന.