അടിച്ചോടിച്ചിട്ടും കിഴക്കമ്പലവും കടന്നു; മുന്നണികള്‍ക്ക് ഭീഷണിയായി ട്വന്റി ട്വന്റി

    കൊച്ചി: കിഴക്കമ്പലം നിലനിര്‍ത്തിയതിനു പുറമേ മൂന്നു സമീപ ഗ്രാമപഞ്ചായത്തുകളിലും വെന്നിക്കൊടി പാറിച്ച് ട്വന്റി ട്വന്റി ജനകീയ മുന്നണി. അടിച്ചോടിച്ചാലും ഭീഷണിപ്പെടുത്തിയാലും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറയുന്നില്ലെന്നാണ് ട്വന്റി ട്വന്റി  തെരഞ്ഞെടുപ്പില്‍ തെളിയിച്ചിരിക്കുന്നത്. കിഴക്കമ്പലത്തുനിന്ന് സമീപ പ്രദേശങ്ങളിലേക്കു വേരുപടര്‍ത്താനും കിറ്റക്‌സിന്റെ കീഴിലുള്ള ട്വന്റി ട്വന്റിക്കു സാധിച്ചു. കോര്‍പറേറ്റുകള്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നതിനെ തടയാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് തക്ക മറുപടിയും കിട്ടി. മൂന്നു മുന്നണിയെയും ബഹുദൂരം പിന്നിലാക്കിയാണു ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ഭരണം പിടിച്ചെടുത്തത്. വെങ്ങോല പഞ്ചായത്തില്‍ മത്സരിച്ച 11 സീറ്റില്‍ എട്ടിലും വിജയിച്ചു. പത്തു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിച്ചതില്‍ വാഴക്കുളം ബ്ലോക്കില്‍ നാലില്‍ മൂന്നിടത്തും വടവുകോട് ബ്ലോക്കില്‍ ആറില്‍ അഞ്ചു ഡിവിഷനുകളിലും വിജയിച്ചു. മത്സരിച്ച രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ കോലഞ്ചേരിയിലും വെങ്ങോലയിലും അട്ടിമറി വിജയം നേടി.

    എല്‍ഡിഎഫും യുഡിഎഫും ഒരേ സ്ഥാനാര്‍ഥിയെ പിന്തുണച്ച കുമ്മനോടു പോലും നേട്ടമുണ്ടാക്കാനായില്ല. വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശിയെ, നാട്ടുകാരനല്ല എന്ന പേരില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തി ഓടിച്ചുവിടാന്‍ ശ്രമിച്ചതും ഇവിടെത്തന്നെയായിരുന്നു. കഴിഞ്ഞ തവണ കിഴക്കമ്പലം പഞ്ചായത്തില്‍ മാത്രം അധികാരം പിടിച്ച ട്വന്റി ട്വന്റി, ഇത്തവണ മൂന്നു പഞ്ചായത്തുകളില്‍ കൂടി അധികാരം നേടുകയും ഒരിടത്തു വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തു.

    മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍ കൂടിയാണ് കൈപ്പിടിയിലാക്കിയത്. വെങ്ങോല പഞ്ചായത്തിലാണ് 23ല്‍ 10 വാര്‍ഡുകളും ജയിച്ച് വലിയ ഒറ്റക്കക്ഷിയായത്. ഐക്കരനാട് പ്രതിപക്ഷമമില്ലാത്ത ഭരണം. 14 ല്‍ 14 വാര്‍ഡും നേടി. മഴുവന്നൂരില്‍ 19 വാര്‍ഡില്‍ 13 എണ്ണത്തിലും കുന്നത്തുനാട് പഞ്ചായത്തില്‍ 18 വാര്‍ഡില്‍ 11ലും ജയിച്ചു.

    കിഴക്കമ്പലത്ത് ഇത്തവണ ഒരേ ഒരംഗം മാത്രമാണ് ട്വന്റി ട്വന്റിയുടേതല്ലാതെ ഉള്ളത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ 19ല്‍ 17 വാര്‍ഡുകളാണ് സ്വന്തമാക്കിയിരുന്നത്. കുന്നത്തുനാട് പഞ്ചായത്തില്‍ യുഡിഎഫിന് ആറും എല്‍ഡിഎഫിന് ഒന്നും വാര്‍ഡുകളെ ജയിക്കാനായുള്ളൂ. ട്വന്റി ട്വന്റി പത്തിടത്തു ജയിച്ച വെങ്ങോലയില്‍ യുഡിഎഫ് എട്ടിടത്തും എല്‍ഡിഎഫ് അഞ്ചിടത്തും ജയിച്ചിട്ടുണ്ട്.

    കോലഞ്ചേരി, വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയിച്ച ഇവര്‍ ഒന്‍പതു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും നേടി. വടവുകോട് ബ്ലോക്കില്‍ യുഡിഎഫും ട്വന്റി ട്വന്റിയും അഞ്ച് ഡിവിഷന്‍ വീതം ജയിച്ചു തുല്യനിലയിലാണ്. ഇവിടെ എല്‍ഡിഎഫിനു 3 ഡിവിഷനുകള്‍ കിട്ടി. വാഴക്കുളം ബ്ലോക്കില്‍ 4 ഡിവിഷനില്‍ ട്വന്റി ട്വന്റി ജയിച്ചു. വടവുകോട്ട് 2 ഡിവിഷനുകളില്‍ രണ്ടാം സ്ഥാനത്തെത്താനും കൂട്ടായ്മയ്ക്കായി.

    ഭരണനേട്ടം കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച കിഴക്കമ്പലം മോഡല്‍ സമീപ പഞ്ചായത്തുകളെ കീഴടക്കിയതിന്റെ ഭീതിയിലാണ് ഇടതുവലതു മുന്നണികള്‍. തിരഞ്ഞെടുപ്പിനിടെ ഭാര്യ ബ്രിജീത്തയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എല്‍ഡിഎഫ്‌യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചതു വലിയ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ 16 എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലാണ്. ആക്രമണത്തിന് ഇരയായ ദമ്പതികളെ പൊതുവേദിയില്‍ ട്വന്റി ട്വന്റി ആദരിക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

    കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് ഇതേ പേരിലുള്ള കൂട്ടായ്മയും നേട്ടമുണ്ടാക്കി. ഇവരായിരിക്കും പഞ്ചായത്തിലെ മുഖ്യ പ്രതിപക്ഷം. എല്‍ഡിഎഫ്-9, ട്വന്റി ട്വന്റി -എട്ട്, യുഡിഎഫ്-4 എന്നിങ്ങനെയാണു കക്ഷിനില. കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച വിഫോര്‍ കൂട്ടായ്മ 3 ഡിവിഷനുകളില്‍ രണ്ടാം സ്ഥാനത്തെത്തി. പല പ്രമുഖരുടെയും തോല്‍വിക്കു കാരണമായത് വിഫോര്‍ കൂട്ടായ്മയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ട്വന്റി ട്വന്റിയുടെ പ്രഖ്യാപനം.