യോഗി സർക്കാർ പശുക്കളെ സംരക്ഷിക്കുന്നില്ല; ഉത്തർപ്രദേശിൽ ‘ഗോ രക്ഷാ’ യാത്രയുമായി കോൺഗ്രസ്

ലഖ്നൗ: ബി.ജെ.പിയുടെ മാത്രം കുത്തകയായിരുന്ന ‘പശു രാഷ്ട്രീയം’  ഏറ്റെടുത്ത് കോൺഗ്രസും. ഉത്തർപ്രദേശിൽ കോൺഗ്രസ് നേതൃത്വമാണ് പശു സംരക്ഷണത്തിനായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഗോശാലകളിലെ പശുക്കളെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഉത്തർപ്രദേശ് ഘടകമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബുണ്ടേൽഖണ്ഡിൽ ‘ഗോ രക്ഷാ’ പദയാത്രയും സംഘടിപ്പിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള ഗോശാലയിൽ നിരവധി നിരവധി പശുക്കൾ മരിച്ചതിനെ തുടർന്നാണ് കോൺഗ്രസും ‘പശു’ രാഷ്ട്രീയം ചർച്ചയാക്കുന്നത്. പശു സംരക്ഷണത്തിന് ഏറെ പ്രധാന്യം നൽകുന്ന ബി.ജെ.പി സർക്കാരിനു കീഴിൽ കന്നുകാലികളുടെ പരിതാപകരമായ അവസ്ഥ തുറന്നു കാട്ടാനാണ് പദയാത്രയിലൂടെ ശ്രമിച്ചതെന്ന്കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ഗോശാലകളിലെ പശുക്കളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ബുന്ദൽഖണ്ഡ് മേഖലയിലെ ലളിത്പൂർ മുതൽ ചിത്രകൂട്ട് വരെയാണ് കോൺഗ്രസ് സംസ്ഥാന ഘടകം പദയാത്ര നടത്തിയത്.  പദയാത്രയ്ക്ക് മുന്നോടിയായി എ.ഐ.സി.സി സെക്രട്ടറിമാരായ രോഹിത് ചൗധരി, ബാജിറാവു ഖാദെ എന്നിവരെ യു.പി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്നും കോൺഗ്രസ് ആരോപിച്ചു. യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, മുൻ കേന്ദ്രമന്ത്രി പ്രദീപ് ജെയിൻ ആദിത്യ തുടങ്ങിയവരാണ് പദയാത്രയ്ക്ക് നേതൃത്വം നൽകിയത്.

ലളിത്പൂർ ജില്ലയിലെ ഗോശാലയിൽ ‍നിരവധി പശുക്കൾ ചത്തൊടുങ്ങിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.  ഇതിനു പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

“അധികാരത്തിൽ വരുന്നതിനുമുമ്പ്, നിങ്ങൾ ഗോ രക്ഷാ, ഗോ ശാല സ്ഥാപിക്കൽ എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാജയമാണെന്ന് ഇപ്പോൾ വ്യക്തമായി, ”പ്രിയങ്ക കത്തിൽ ആരോപിച്ചു.

അഞ്ചു ലക്ഷത്തിലധികം കന്നുകാലികളെ സർക്കാർ നടത്തുന്ന അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും എട്ട് ലക്ഷത്തിലധികം കന്നുകലികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഗോ ശാലകളിലുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നവംബറിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി ദരിദ്ര പശു പങ്കാളിത്ത പദ്ധതിയും സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്നു.