‘മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിച്ചു, പക്ഷെ.. ‘ അനിലിനെ രക്ഷിക്കാൻ ഡാമിലേക്ക് ചാടിയ സിനാജ് പറയുന്നു

    തൊടുപുഴ: കുളിക്കുന്നതിനിടെ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ച നടൻ അനിൽ നെടുമങ്ങാടിനെ കരയ്ക്കെത്തിച്ചത് പ്രദേശവാസിയായ സിനോജ്. പള്ളിയിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് മലങ്കര ഡാമില്‍ ആളു പോയെന്ന വിവരം ലഭിച്ചതെന്ന് സിനോജ് പറഞ്ഞു. സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിച്ചു. പിന്നീടാണ് അതൊരു സിനിമാ നടന്‍ ആയിരുന്നെന്ന് അറിയുന്നതെന്നും തടിപ്പണിക്കാരനായ സിനോജ് പറഞ്ഞു.

    രക്ഷപ്പെടുത്താന്‍ കുതിക്കുന്നതിനിടയില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു സിനാജ് വെള്ളത്തിലേക്ക് എടുത്തു ചാടി. അടിത്തട്ടില്‍ നിന്നും അനിലിനെ കരയിലെത്തിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ലെന്ന് സിനോജ് സങ്കടത്തോടെ പറയുന്നു.

    ”പള്ളിയില്‍ പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് ഫോണ്‍ വിളി എത്തുന്നത്. മലങ്കര ഡാമില്‍ ആളു പോയി. ഇത്രേം കേട്ടപ്പോള്‍ തന്നെ വണ്ടിയെടുത്തു. ആളുടെ ജീവന്‍ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മനസ്സില്‍. സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം ആളെ കരയ്‌ക്കെത്തിച്ചു…പിന്നീടാണ് അതൊരു സിനിമാ നടന്‍ ആയിരുന്നെന്ന് അറിയുന്നത് ”

    വെള്ളി വൈകിട്ട് 6 മണിയോടെയാണു ഫോണ്‍ കോള്‍ വരുന്നത്. എംവിഐപിയിലെ സജീവിന്റേതായിരുന്നു കോള്‍. മലങ്കര ജലാശയത്തില്‍ ഡാമിനു സമീപം ഒരാള്‍ അപകടത്തില്‍ പെട്ടു എന്നായിരുന്നു കോള്‍. പിന്നെ ഒന്നും നോക്കിയില്ല. ബൈക്കില്‍ ചീറിപ്പാഞ്ഞ് മുട്ടം റൂട്ടിലേക്കു തിരിച്ചു. ബൈക്ക് ഓടിക്കുന്നതിനിടെ തന്നെ അപകടം നടന്ന കൃത്യ സ്ഥലവും മനസ്സിലാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം നടന്ന സ്പോട്ടിലെത്തി. ബൈക്ക് ഉപേക്ഷിച്ച് ഇറങ്ങി അപകടസ്ഥലത്തേക്ക് ഓടുന്നതിനിടെ തന്നെ ഷര്‍ട്ടും മുണ്ടും ഊരി എറിഞ്ഞു.

    അവിടെ കൂടിനില്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്കെടുത്തു ചാടി. ഒറ്റശ്വാസത്തില്‍ വെള്ളത്തിന്റെ അടിത്തട്ടിലെത്തി. രണ്ടാള്‍ താഴ്ചയുള്ള സ്ഥലത്ത് ഒരാള്‍ അനക്കമില്ലാതെ കിടക്കുന്നു നിമിഷനേരം കൊണ്ട് കാലില്‍ പിടിച്ച് പെട്ടെന്നു തന്നെ കരയിലെത്തിച്ചു. സിനിമാ താരമാണെന്നു പിന്നീട് അവിടെ കൂടിനിന്നവര്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. നടന്റെ സുഹൃത്തുക്കള്‍ പിന്നീട് നല്ലൊരു തുകയുമായി തന്നെ കാണാന്‍ എത്തിയെങ്കിലും അതു നിരസിച്ചു.

    മലങ്കര ജലാശയത്തില്‍ ഒട്ടേറെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് സിനാജ് മലങ്കര. കൂടാതെ റോഡ് അപകടത്തില്‍ പെട്ടവര്‍ക്കും സഹായിയായി സിനാജ് എത്തിയിട്ടുണ്ട്.