സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നു; പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നു. മറ്റ് ക്‌ളാസുകളിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാം. 3118 ഹൈസ്‌കൂളും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് തുറന്നത്.

    പത്ത്, പ്ലസ് ടു ക്ലാസുകളിലുളള ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഷിഫ്റ്റായാണ് ക്ലാസ്. ഓണ്‍ലൈനില്‍ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണവും റിവിഷനുമാണ് പ്രധാനമായും നടക്കുക. പരീക്ഷയ്ക്ക് ചോദിക്കാന്‍ സാദ്ധ്യതയുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ക്ലാസുകള്‍. പ്രാധാന്യം നല്‍കേണ്ട വിഷയങ്ങള്‍ എസ് സി ഇ ആര്‍ ടി ഇന്നലെ വെളിപ്പെടുത്തി.

    മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടികള്‍ സ്‌കൂളുകളിലേക്ക് എത്തിയത്. ഹാജര്‍ നിര്‍ബന്ധമല്ല. എല്ലാ അദ്ധ്യാപകരും സ്‌കൂളിലെത്തണം. ഒരേസമയം 50 ശതമാനം കുട്ടികളെ വച്ചാണ് ക്ലാസ്. ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം. ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി പഠനത്തിനുപയോഗിക്കും. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും.

    കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കൊവിഡ് സെല്ലുകള്‍ രൂപീകരിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് സി ബി എസ് ഇ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.