രണ്ട് വർഷത്തിന് മുൻപ് മോഷണം പോയ കാർ ഉടമയ്ക്ക് തിരിച്ചു കിട്ടി; ഉപയോഗിച്ച് കൊണ്ടിരുന്നത് പൊലീസ് ഉദ്യോഗസ്ഥൻ

    കാൺപൂർ : രണ്ട് വർഷം മുൻപ് മോഷണം പോയ കാറിനെ കുറിച്ച് മറന്നിരിക്കുന്ന അവസ്ഥയിലാണ് ഉടമയെ തേടി സർവീസ് സെന്ററിൽ നിന്നും ഒരു ഫോൺ വിളിയെത്തിയത്. കാർ സർവീസ് ചെയ്തതിൽ സംതൃപ്തനാണോ എന്നറിയാനുള്ള കസ്റ്റമർ ഫീഡ്ബാക്കിന്റെ ഭാഗമായിരുന്നു ആ കോൾ. സർവീസ് സെന്ററിൽ നേരിട്ടെത്തി നിജസ്ഥിതി മനസിലാക്കിയ കാർ ഉടമയ്ക്ക് കാർ ഉപയോഗിച്ചു കൊണ്ടിരുന്നത് മോഷ്ടാവല്ല ശരിക്കും പൊലീസ് തന്നെയായിരുന്നു എന്ന വിവരമാണ് കൂടുതൽ ഞെട്ടലുണ്ടാക്കിയത്.

    2018 ഡിസംബർ 31 നാണ് ഒമേന്ദ്ര സോണിയുടെ വാഗൺ ആർ കാർ മോഷണം പോയത്. ഒരു കാർ വാഷിംഗ് സെന്ററിൽ വച്ചാണ് മോഷണം നടന്ന്. മോഷണം നടന്നയുടൻ സമീപത്തെ പൊലീസ് സ്റ്റേഷനനിൽ പരാതി നൽകിയിരുന്നുവെങ്കിലും രണ്ട് വർഷമായി കാറിനെ കുറിച്ച് ഒരു വിവരവും പൊലീസ് അന്വേഷണത്തിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സർവീസ് സെന്ററിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിത്തൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ കൗശലേന്ദ്ര പ്രതാപ് സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കാർ എത്തിച്ചതെന്ന് തെളിഞ്ഞു. കഴിഞ്ഞ വർഷം യു പിയിലുണ്ടായ വികാസ് ദുബെയും കൂട്ടരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഉദ്യോഗസ്ഥനാണ് ഇയാൾ.

    ഒമേന്ദ്ര സോണി കാറിന്റെ അവകാശവാദമുന്നയിച്ച് വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത കാർ ഉടമസ്ഥർ എത്താത്തതിനെ തുടർന്ന് താൻ ഉപയോഗിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ നിയമപരമായി കാർ കണ്ടെത്തിയാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ രേഖ പരിശോധിച്ച് ഉടമയെ തിരിച്ചറിയുകയോ ചെയ്യേണ്ടതാണ്. ഇതൊന്നും ഒമേന്ദ്ര സോണിയുടെ കാറിന്റെ കാര്യത്തിൽ പൊലീസ് സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ പൊലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഗുരുതരമായ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്നും കാൺപൂർ എസ് പി അറിയിച്ചു.