സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം; കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍

    കൊല്‍ക്കത്തന്മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയിലുള്ളത്. വാര്‍ത്താ ഏജന്‍സികളായ പിടിഐയും എഎന്‍ഐയുമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

    നാല്‍പ്പത്തെട്ടുകാരനായ ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കേണ്ടി വരുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ എഎന്‍ഐയോടു വെളിപ്പെടുത്തി. ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവരുമെന്ന കാര്യവും ഇവര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.