നിയമപരമായി വസന്തയുടെതല്ലാത്ത ഭൂമി ബോബി ചെമ്മണ്ണൂർ എങ്ങനെ വാങ്ങും? ബോബിയുടെ കൈയിൽ നിന്ന് ഭൂമി വാങ്ങില്ലെന്ന് രാജന്റെ ഇളയമകൻ

    തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കൈയിൽ നിന്ന് ഭൂമി വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ‌്ത രാജൻ- അമ്പിളി ദമ്പതികളുടെ ഇളയമകൻ രഞ്ചിത്ത്. നിയമവ്യവസ്ഥ വച്ച് വസന്തയുടെ പേരിൽ അല്ല സ്ഥലമെന്നും, പിന്നെങ്ങനെയാണ് ബോബി ചെമ്മണ്ണൂർ അത് വാങ്ങിയതെന്ന് തങ്ങൾക്ക് അറിയില്ലെന്നും രഞ്ചിത്ത് പറയുന്നു. നിയമപരമായി സർക്കാർ തരികയാണെങ്കിൽ ഭൂമി വാങ്ങുമെന്ന് രഞ്ചിത്ത് വ്യക്തമാക്കി. ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും, എന്നാൽ നിയമപരമല്ലാതെ ഭൂമി വേണ്ട എന്നുമാണ് രഞ്ചിത്ത് വ്യക്തമാക്കുന്നത്.

    ഇന്ന് രാവിലെയാണ് നെയ്യാറ്റിൻകരയിൽ അനാഥമായ ബാല്യങ്ങൾക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂർ രംഗത്തെത്തിയത്. തർക്കഭൂമിയും വീടും നെയ്യാറ്റിൻകരയിലെ കുട്ടികൾക്കു വേണ്ടി വ്യവസായി ബോബി ചെമ്മണൂർ വിലയ്‌ക്ക് വാങ്ങിയത്. ഇന്ന് വൈകുന്നേരം രാജന്റെ വീട്ടിൽ വച്ച് എഗ്രിമെന്റ് ബോബി ചെമ്മണൂർ‌ രണ്ട് കുട്ടികൾക്കും കൈമാറാൻ ഇരിക്കെയാണ് കുട്ടികളുടെ പ്രതികരണം.

    കുട്ടികൾക്കായി വീട് ഉടനെ പുതുക്കി പണിയുമെന്നും, വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവൻ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു.

    ‘തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ‍ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി.’ എന്നാണ് ബോബി ചെമ്മണൂർ പറയുന്നത്. കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരുന്നത്.