സാമ്പത്തിക തട്ടിപ്പ് കേസ്: ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറാനുള്ള ഹർജി ഹൈക്കോടതി തള്ളി

    കൊച്ചി ∙ സാമ്പത്തിക തട്ടിപ്പ് കേസിൽ ചവറ മുൻ എംഎൽഎ എൻ. വിജയൻ പിള്ളയുടെ മകൻ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇന്റർനാഷനൽ അറസ്റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സർക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാൻ കഴിയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

    ദുബായ് കോടതി രണ്ടുവർഷം തടവ് ശിക്ഷ വിധിച്ച ശ്രീജിത്തിനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു നൂറനാട് സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ രാഹുൽ കൃഷ്ണൻ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് തള്ളിയത്.