കോട്ടയത്ത് കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് 14 കാരന് വെടിയേറ്റു; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: കഞ്ചാവ് കേസിലെ പ്രതികളുടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് പതിനാലുകാരന് പരുക്ക്. നെ‍ഞ്ചിൽ വെടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കൊടിത്താനം സ്വദേശി അജേഷ്(26), ചങ്ങനാശേരി സ്വദേശി അന്‍സില്‍(19) എന്നിവരെ അറസ്റ്റു ചെയ്തു.

തൃക്കൊടിത്താനം പൊട്ടശേരി ഭാഗത്തെ പാടശേഖരത്തിനു സമീപം ഇന്നലെ ഉച്ചയോടെയാണു സംഭവം. എയര്‍ ഗണ്‍ ഉപയോഗിച്ച് ഇവര്‍ ദൂരത്തേക്കു വെടിവച്ചുകൊണ്ടിരിക്കെ സമീപത്തു കൂടി പോയ പതിനാലുകാരനു വെടിയേല്‍ക്കുകയായിരുന്നു. വെടിയുണ്ട നെഞ്ചില്‍ തുളഞ്ഞു കയറിയെങ്കിലും കുട്ടി അപകടാവസ്ഥ തരണം ചെയ്തു. തോക്കുമായി വരാനുണ്ടായ സാഹചര്യം പരിശോധിക്കുകയാണെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും തൃക്കൊടിത്താനം പൊലീസ് അറിയിച്ചു.

പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.ഉപയോഗിച്ച തോക്കുകളും കണ്ടെടുത്തു.ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ആയതിനാല്‍ എന്തെങ്കിലും ആക്രമണത്തിനു മുന്നോടിയായ തയാറെടുപ്പിനാണോ പ്രതികള്‍ തോക്കുമായി പരിശീലനത്തിനെത്തിയത് എന്ന സംശയത്തിലാണ് പൊലീസ് ഇപ്പോൾ.