പൊലീസിലെ പേരുമാറ്റം തെറ്റിച്ചാൽ ഇനി ക്ഷമിക്കില്ലെന്ന് ഡി.ജി.പി

    തിരുവനന്തപുരം: പൊലീസ് സേനയിലെ ചില വിഭാഗങ്ങളുടെയും തസ്തികകളുടെയും പേര് കാലത്തിനൊത്തു പരിഷ്ക്കരിച്ചെങ്കിലും സേനയിലെ പല ഉദ്യോഗസ്ഥരും അതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് പെരുമാറുന്നത്. എഴുത്തുകുത്തുകളിൽ ഇപ്പോഴും പഴയ വാക്കുകളും പേരുകളുമാണ് ഉപയോഗുക്കുന്നത്. എന്നാൽ ഇത്തരത്തിൽ മാറ്റം ഉൾക്കൊള്ളത്താവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി.

    പഴയ തസ്തികകളുടെയോ വിഭാഗങ്ങളുടെയോ പേര് ഉപയോഗിച്ചെത്തുന്ന കത്തുകൾ അയച്ച ആൾക്കുതന്നെ തിരിച്ചയക്കാനാണ് നിർദേശം. പഴയ പദങ്ങൾതന്നെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഇനിയും ഉപയോഗിച്ചാൽ ക്ഷമിക്കേണ്ടെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശം.

    കേരള പോലീസിന്റെ ശ്വാനസേന കെ-9 സ്‌ക്വാഡെന്ന് പേരുമാറിയിട്ട് കുറെയായി. എന്നാൽ പുതിയ പേര് ഉദ്യോഗസ്ഥർ പോലും ഉപയോഗിക്കുന്നില്ല. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്ന ഭീകര വിരുദ്ധ സേനയുടെ പുതിയ പേര് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നാണ്. എന്നാൽ പൊലീസ് ആസ്ഥാനത്ത് എത്തുന്ന പല കത്തുകളിലും ഇപ്പോഴും ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ്. ദ്രുതകർമ സേന റാപിഡ് റെസ്‌പോൺസ് ആൻഡ്‌ റെസ്‌ക്യൂ ഫോഴ്‌സ് ആയതും പലരും അറിഞ്ഞിട്ടില്ല.

    ക്രൈംബ്രാഞ്ചും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും പല ഉദ്യോഗസ്ഥർക്കും ഇപ്പോഴും ക്രൈംബ്രാഞ്ച് സി.ഐ.ഡിയും സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡിയുമാണ്. സി.ഐമാർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയതും പി.സിയും എച്ച്.സിയും സിവിൽ പോലീസ് ഓഫീസറും സീനിയർ സിവിൽ പോലീസ് ഓഫീസറുമായതുംപലരും അറിഞ്ഞ മട്ടില്ല.