കോവിഡ് വാക്‌സീന്‍ ജില്ലാ കേന്ദ്രങ്ങളിലേക്കു വിതരണം തുടങ്ങി: കുത്തിവയ്പ് ശനിയാഴ്ച മുതല്‍

    തിരുവനന്തപുരം: കോവിഡ് വാക്‌സീന്‍ വിമാനത്തില്‍ എത്തി മണിക്കൂറുകള്‍ക്കകം ജില്ലാ കേന്ദ്രങ്ങളിലേക്കു വിതരണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 9നു സംസ്ഥാനത്തെ 133 കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ് തുടങ്ങും. ആദ്യം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കാണു കുത്തിവയ്പ്. ആരോഗ്യപ്രവര്‍ത്തകര്‍ എത്തേണ്ട കേന്ദ്രവും സമയവും സംബന്ധിച്ച സന്ദേശം തലേന്നു മൊബൈലില്‍ ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. 28 ദിവസം കഴിഞ്ഞു രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കും.

    എറണാകുളം, കോഴിക്കോട് റീജനല്‍ സെന്ററുകളിലേക്കുള്ള വാക്‌സീനുമായി രാവിലെ 10.45നു നെടുമ്പാശേരിയില്‍ വിമാനം എത്തി. കോഴിക്കോട്ടേക്കുള്ളത് റോഡ് മാര്‍ഗം അയച്ചു. തെക്കന്‍ മേഖലയിലേക്കുള്ള വാക്‌സീനുമായി തിരുവനന്തപുരത്ത് വൈകിട്ട് 6ന് വിമാനം എത്തി.

    പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്‌സീനാണ് ഇന്നലെ എത്തിയത്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലേക്കാണ്; കുറവ് ഇടുക്കിയിലും.