പുത്രിവാത്സല്യത്താല്‍ കേരളത്തെ നശിപ്പിക്കരുത്; മുഖ്യമന്ത്രിയോട് പി.ടി തോമസ്

പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെ പോലെ, പുത്രി വാത്സല്യത്താല്‍ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് എം.എല്‍.എ പി.ടി തോമസ്. മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് ആണോ എന്ന് സംശയിക്കുന്നു. മകളുടെ വിവാഹത്തലേന്ന് സ്വപ്ന ക്ളിഫ്ഹൗസില്‍ വന്നോ? ഇത് സംബന്ധിച്ച്  കേന്ദ്രഏജന്‍സികള്‍ ചോദിച്ചിരുന്നോ എന്നും പി.ടി തോമസ് ചോദിച്ചു.

മുഖ്യമന്ത്രി സ്വര്‍ണക്കടത്തിനും കള്ളക്കടത്തിനും കൂട്ടുനിന്നു. സ്വര്‍ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുന്നു. അദ്ദേഹം അധോലോക നായകന്‍ ആകാതിരിക്കാന്‍ ആശംസിക്കുന്നു എന്നും പി.ടി തോമസ് പരിഹസിച്ചു.

സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിന്തരപ്രമേയ നോട്ടീസിന്‍മേല്‍ സംസാരിക്കുകയായിരുന്നു പി.ടി തോമസ്.

നിയമസഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ലെന്ന് മുഖ്യമന്ത്രി പി.ടി തോമസിന് മറുപടി കൊടുത്തു. 1995ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശിവശങ്കറിന് ഐ.എ.എസ് നല്‍കിയത്. പിന്നീട് കെ.എസ്.ഇ.ബി ചെയര്‍മാന്‍, ഊര്‍ജ്ജ സെക്രട്ടറി തുടങ്ങിയ സുപ്രധാനപദവികള്‍ വഹിച്ചു. ഇതെല്ലാം യു.ഡി.എഫ് സര്‍ക്കാരുകളാണ് നല്‍കിയത്. യോഗ്യത ഉള്ളതു കൊണ്ടാണല്ലേ ഈ സ്ഥാനങ്ങള്‍ നല്‍കിയതെന്നും മുഖ്യന്ത്രി ചൂണ്ടിക്കാണിച്ചു.

തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനില്‍ നിന്ന് ഇ.ഡി വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്തത്. സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണം. പ്രതിപക്ഷം ആവര്‍ത്തിക്കുന്ന വ്യാജ ആരോപണങ്ങള്‍ ജനംവിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.