കോൺസുലേറ്റ് ഉദ്യോഗസ്ഥന് നയതന്ത്ര കാർഡ്: പ്രോട്ടോക്കോൾ വിഭാഗത്തിനെതിരെ വിദേശകാര്യ വകുപ്പിന്റെ അന്വേഷണം

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന കാർഡ് നൽകിയതിൽ സംസ്ഥാന പ്രോട്ടോകോൾ വകുപ്പിനെതിരെ കേന്ദ്ര വിദേശകാര്യ വകുപ്പും അന്വേഷണം നടത്തും. നയതന്ത്രപദവിയുള്ളവർക്കു മാത്രം നൽകുന്ന കാർഡാണ് പ്രോട്ടോക്കോൾ വിഭാഗം കോൺസുലേറ്റിലെ ധനകാര്യവിഭാഗം മുൻ മേധാവിയും ഈജിപ്ത് പൗരനുമായ ഖാലിദ് അലി ഷൗക്രിക്കു നൽകിയത്. ഇതേക്കുറിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയതിനു ശേഷമാകും വിദേശകാര്യ വകുപ്പും അന്വേഷണം നടത്തുക.

ഖാലിദിന് ‘ഒഫിഷ്യൽ ’ എന്നുള്ള ഐഡി കാർഡ് മാത്രമേ നൽകിയിട്ടുള്ളെന്നാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം പറയുന്നത്. എന്നാൽ പ്രോട്ടോകോൾ വിഭാഗത്തിന്റെ കാർഡ് ഉപയോഗിച്ച് ഖാലിദ് വിമാനത്താവളത്തിൽ പരിശോധനയില്ലാതെ കടന്നുപോയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

ആർക്കൊക്കെ  ‘നയതന്ത്ര’ ഐഡി കാർഡ് നൽകണമെന്നു യുഎഇ കോൺസുലേറ്റാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിക്കുക. ഇത്തരത്തിൽ ആരുടെ ശുപാർശയിലാണു ഖാലിദിനു പ്രോട്ടോക്കോൾ വിഭാഗം  കാർഡ് നൽകിയതെന്നാണ് അന്വേഷിക്കുന്നത്. സ്വപ്നയുടെ സ്വാധീനം കാർഡ് ലഭിക്കുന്നതിനു കാരണമായോയെന്നും കസ്റ്റസ് അന്വേഷിക്കുന്നുണ്ട്.