‘പരസ്യ പ്രസ്താവന വേണ്ട’; KSRTC CMD ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. പരസ്യ പ്രസ്താവന വേണ്ടെന്നും കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഓഫീസിലേക്ക് വിളിപ്പിച്ചാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

    കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌കരണ നടപടികള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരാണ് കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌ക്കരണങ്ങളെ അട്ടിമറിക്കുന്നതെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. നൂറു കോടി രൂപ കാണാനില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്തും ബിജു പ്രഭാകര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

    ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും ചീഫ് ഓഫിസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് ചൂണ്ടിക്കാട്ടിയതെന്നും എം.ഡി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കിയിരുന്നു. ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടുക മാത്രമാണ് അല്ലാതെ പ്രത്യേക  അജണ്ടയില്ലെന്നും അദ്ദേഹം പറഞ്ഞു.