മൂ‌ടൽ മഞ്ഞ്: യു.എ.ഇയിൽ 19 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

    അബുദാബി: ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് യു.എ.ഇയിൽ വാഹനങ്ങളഴ്‍ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഞ്ഞിൽ കാഴ്ച മറഞ്ഞതിനെ തുടർന്ന് 19 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അൽ മഫ്രാക്ക് പ്രവിശ്യയിലാണ് വാഹനാപകടമുണ്ടായതെന്ന്  അബുദാബി പൊലീസിനെ ഉദ്ധരിച്ച് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

    മിനി വാൻ ഡ്രൈവറായിരുന്ന ഏഷ്യക്കാരനാണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിച്ച വാഹനങ്ങളിലെ എട്ട് ഡ്രൈവർമാർക്കാണ് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.

    രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും മൂടൽ മഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച യാത്ര ദുഷ്ക്കരമായിരുന്ന‌െന്നാണ് റിപ്പോർട്ട്. വാഹനം ഓടിക്കുന്നവർ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

    മൂടൽമഞ്ഞ് സമയത്ത് വാഹനമോടിക്കുമ്പോൾ ഏറെ  ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. അപകടം ഒഴിവാക്കുന്നതിനി‍റെ ഭാഗമായി റോഡുകളിലെ വേഗ പരിധി കർശനമായി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

    മൂടൽമഞ്ഞ് സമയത്ത് വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വാഹനമോടിക്കുന്നവർ മുന്നിലുള്ള വാഹനത്തിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.