പൊലീസ് വേഷത്തിൽ ജുവലറി ജീവനക്കാരിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; മോഷണ സംഘം പിടിയിൽ

നാഗർകോവിൽ: തക്കലയിൽ പൊലീസ് വേഷത്തിലെത്തി ജുവലറി ജീവനക്കാരുടെ കൈയിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം 24 മണിക്കൂറിനുള്ളിൽ പിടിയിലായി. തൊഴുകൽ, മാവർത്തല സ്വദേശി ഗോപകുമാർ (37), ആനാവൂർ പാരക്കോണം സ്വദേശി സുരേഷ് കുമാർ (34), പെരുങ്കടവിള സ്വദേശി രാജേഷ് കുമാർ (41), കീഴാരൂർ സ്വദേശി സജിൻ കുമാർ (37), മാവർത്തല സ്വദേശി അഖിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം.

നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജംഗ്ഷനിലെ കേരള ഫാഷൻ ജുവലറി നടത്തുന്ന സമ്പത്ത് ചൊവ്വാഴ്ച കടയിലെ ജീവനക്കാരായ ശ്രീജിത്ത്‌, അമർ, ഗോപകുമാർ എന്നിവരുടെ കൈവശം ഒന്നരക്കിലോ സ്വർണം തിരുനെൽവേലി സ്വദേശിക്ക് കൈമാറി പണം വാങ്ങാൻ ഏല്പിച്ചു. സ്വർണവുമായി നാഗർകോവിലിൽ എത്തിയ ഇവർ അവിടെ നിന്നും ലഭിച്ച 76.40 ലക്ഷം രൂപയുമായി കാറിൽ തിരികെ വരുമ്പോൾ കുമാരകോവിൽ ജംഗ്ഷനിൽ പൊലീസ് വേഷത്തിൽ നിന്ന മോഷണസംഘം തടഞ്ഞുനിർത്തുകയായിരുന്നു.

ഹവാല പണം കൊണ്ടുപോകുന്നതായി വിവരം ലഭിച്ചെന്ന് അറിയിച്ച ഇവർ കാറിൽ പരിശോധന നടത്തി പണം കൈക്കലാക്കിയ ഇവർ തക്കല സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.

തക്കല സ്റ്റേഷനിലെത്തിയപ്പോഴാണ് പണം കൊണ്ടുപോയത് മോഷണ സംഘമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, തക്കല ഡി.എസ്. പി രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.

തക്കല ട്രെയിനിംഗ് എ.എസ്.പി സായി പ്രണിത്തിന്റെയും, ഡി.എസ്.പി രാമചന്ദ്രന്റെയും നേതൃത്വത്തിൽ ആറ് സ്‌പെഷ്യൽ ടീമുകളായി നടത്തിയ അന്വേഷത്തിലാണ് 24 മണിക്കൂറിനുള്ളിൽ അഞ്ചംഗ സംഘം പിടിയിലായത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികൾ അറസ്റ്റിലാകുന്നത്.