ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് എത്തിയ കെ.പി.സി.സി അംഗത്തെ അറസ്റ്റ് ചെയ്തു

    ഇടുക്കി: മുഖ്യമന്ത്രിയുടെ കേരള പര്യടനം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കെ.പി.സി.സി അംഗം സി.പി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുവാദമില്ലാതെ  പരിപാടിയില്‍ പങ്കെടുക്കാനെത്തിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങളോടെ സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് മാത്യുവിനെ അറസ്റ്റു ചെയ്തു നീക്കിയത്.

    കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കിയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവരെയും  മത മേലധ്യക്ഷന്‍മാരെയുമായി ക്ഷണിച്ചിരുന്നത്. എന്നാൽ ഇത് മറികടന്നാണ് കെ.പി.സി അംഗം സിപി മാത്യു എത്തിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്‌നം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്ന ലക്ഷ്യമെന്നാണ് സിപി മാത്യു പറയുന്നത്. എന്നാൽ മുൻകൂട്ടി  അനുവാദം വാങ്ങാത്തതിനാല്‍ പൊലീസ് മാത്യുവിനെ തടഞ്ഞു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിക്കവെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

    വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണ് സി പി മാത്യു നടത്തിയതെന്ന് ജില്ലയിൽ നിന്നുള്ള മന്ത്രി എം.എം മണി ആരോപിച്ചു. പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നുവെന്നും അങ്ങനെയായിരുന്നെങ്കില്‍ ആവശ്യം പരിഗണിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.