നിയമന തട്ടിപ്പ് കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സരിത നായര്‍

    തിരുവനന്തപുരം: ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി  സരിത നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസാണ് നിയമന തട്ടിപ്പില്‍ കേസെടുത്തത്. രണ്ടു മാസം മുന്‍പാണ് കേസെടുത്തതെങ്കിലും പൊലീസ് തുടര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരന്‍ ആരോപണം ഉന്നയിച്ചിരുന്നു.

    കെടിഡിസി, ബിവറേജസ് കോര്‍പറേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നല്‍കിയായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.

    പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍  ചൂണ്ടിക്കാട്ടി.
    സരിതയ്‌ക്കെതിരെ കേസ് രജിസറ്റര്‍ ചെയ്തതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്‌കോ എംഡി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കോര്‍പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവു നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണര്‍ മുഖേനയാണ് എക്‌സൈസ് വകുപ്പിന് എംഡി കത്തു നല്‍കിയത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയല്‍ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. ബെവ്‌കോ എംഡി ജി.സ്പര്‍ജന്‍ കുമാറാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്.

    കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടതു  സ്ഥാനാര്‍ഥി ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികള്‍. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെല്‍വേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

    ഇതിനിടെ ബെവ്‌കോയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരന്‍ രംഗത്തെത്തിയിട്ടുണ്ട്. ബെവ്‌കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരില്‍ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ  അരുണിന്റെ മൊഴി. പിന്നീട് മീനാകുമാരിയെ വിളിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്നും അരുണ്‍ പറയുന്നു. ഇക്കാര്യം അരുണ്‍ സരിതയെ അറിയിച്ചു. ഇതിനു പിന്നാലെ മീനാകുമാരി അരുണിനെ വിളിച്ച് താന്‍ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുണ്‍ മൊഴി നല്‍കിയിട്ടുണ്ട്.